രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ ദിനത്തിലും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ. പരസ്പരം കൈകൊടുത്ത് ഗ്രൂപ്പ് ഫോട്ടോയെടുത്ത് മടങ്ങേണ്ട ഭരണപക്ഷവും പ്രതിപക്ഷവും ഇന്നും തമ്മിൽ ഏറ്റുമുട്ടി. ശബരിമല സ്വർണ്ണകൊള്ളയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുക ആയിരുന്നു. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷത്തിന് ചർച്ചകളെ ഭയം ആണെന്ന് മുഖ്യമന്ത്രിയും ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി പി. രാജീവും കുറ്റപ്പെടുത്തി.
ചോദ്യോത്തര വേളയ്ക്ക് പിന്നാലെ പ്ലക്കാടുകൾ ഉയർത്തി മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുതളത്തിലേക്ക്. പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. കഴിവുകെട്ട നശീകരണാത്മക പ്രതിപക്ഷം എന്ന മന്ത്രി. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജനം ആഴക്കടലിൽ വലിച്ചെറിയുമെന്ന് മന്ത്രി എം.ബി രാജേഷ്.
ബഹളം കൂടിയതോടെ ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ സഭ ബഹിഷ്കരിച്ച പ്രതിപക്ഷം പുറത്തേക്ക്. സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. അടിയന്തര പ്രമേയത്തെ ഭയപ്പെടുന്ന പ്രതിപക്ഷം. വികസനവിരുദ്ധർ. നുണപ്രചാരകർ. പ്രതിപക്ഷത്തിന് മുഖ്യമന്ത്രി ചാർത്തിയ വിശേഷണങ്ങൾ അനവധി.
നാടിനെ ഉയർത്താൻ ആവുന്നതെല്ലാം ചെയ്തെന്നും അതിലുള്ള ആത്മസംതൃപ്തിയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി തന്റെ രണ്ടാം ഊഴത്തിലെ അവസാന നിയമസഭാ പ്രസംഗം പൂർത്തിയാക്കിയത്. പിന്നാലെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.