TAGS

കഴിഞ്ഞ ദിവസങ്ങളിലായി മിക്ക ജില്ലകളിലും മഴ പെയ്തെങ്കിലും  പാലക്കാട് ഇപ്പോഴും തീച്ചൂളയിലാണ്. വേനലെത്തിയതോടെ എരിയുന്ന പാലക്കാടിൽ എണ്ണ ഒഴിക്കുന്നതുപോലെ ഇലക്ഷനുമെത്തി. ഇനി കരിമ്പന പോലും കത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. 

പാലക്കാട് പുലർവേള കഴിഞ്ഞാൽ പിന്നെയങ്ങോട്ട് ഓരോ മൺതരിയും ചുരം കടന്നെത്തുന്ന കാറ്റിൻ്റെയും ഉച്ചയിലേയ്ക്ക് നീങ്ങുന്ന സൂര്യൻ്റെയും താപം ഏറ്റെടുക്കും. അതോടെ പാലക്കാട്ടുകാർ എരിപൊരി കൊള്ളാൻ തുടങ്ങും. കരിമ്പനകൾ പോലും ആ ചൂടിൽ നടുവൊടിഞ്ഞ് നിൽക്കും. നെൽപാടങ്ങൾ വരണ്ടുണങ്ങും. വർഷങ്ങളായി ഇങ്ങനെ വേനൽ ചൂടിൽ പകരം വെക്കാൻ ഇല്ലാത്ത നാടായി ഈ ജില്ല മാറുന്നു. താപനിലയുടെ കണക്കെടുക്കുമ്പോഴെല്ലാം പാലക്കാട് എന്നും ഒന്നാമതാണ്. 

വികൃതമായി വരച്ച ചിത്രം പോലെ ഭൂമി വരണ്ട് കിടക്കുന്നു. ജീവജാലങ്ങളും,വന്യമൃഗങ്ങളും കൂടു വിട്ട് യാത്ര ആരംഭിക്കുകയാണ്, ഒരുതുള്ളി വെള്ളത്തിനായുള്ള യാത്ര. ഓരോ ചൂടിലും കരിയുന്നത് കർഷകൻ്റെ മനസ്സാണ്. ഭൂമിയെ പൊതിയുന്ന ചൂട് അവൻ്റെ മനസ്സിനെ പരീക്ഷിക്കുമ്പോൾ വിയർപ്പുതുള്ളികൾ സഹനത്തിൻ്റെ മുത്തുമണികളായി മാറ്റുന്നു.  അത്തരം കർഷകരുടെ പ്രതിനിധിയാണ് കിട്ടുണ്ണി. ഈ കർഷകനു നാട്ടിലെ ചൂടിനെക്കുറിച്ച് ഏറെ പറയാനുണ്ട്.  പാലക്കാടൻ മണ്ണ് മഴയെന്ന അനുഗ്രഹത്തിനായി പിന്നെയും കാത്തിരിക്കും. 

ENGLISH SUMMARY:

Palakkad is currently experiencing an intense heatwave, exacerbated by the arrival of summer and elections, with residents fearing even palmyra trees could catch fire. This extreme heat has been a recurring issue in the district for years, leading to dry paddy fields and forcing wildlife to migrate in search of water, deeply affecting the livelihoods of farmers like Kittuni who endure the punishing conditions.