പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . പ്രതിഷേധക്കാരോട് മന്ത്രി വീണ്ടും കയര്‍ത്തു. താന്‍ ഇവിടെയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യാശുപത്രിയിലെ കുത്തകകള്‍ക്കുവേണ്ടിയാണ് ഈ പ്രതിഷേധം. പെര്‍ഫോം ചെയ്യാത്ത വകുപ്പെങ്കില്‍ പ്രതിഷേധമുണ്ടാകുമോ?. സര്‍ക്കാര്‍ ആശുപത്രികളിലെ നേട്ടങ്ങള്‍ കാണാതെ പോകരുത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയല്ലാതെ എന്ത് ചെയ്യും?. താൻ നടന്നു തന്നെ പോകും. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പറയൂ. സസ്പെൻഷൻ ആണ് ആദ്യത്തെ നടപടി. ചില ഡോക്ടർമാർ രോഗികളെ തൊട്ടു നോക്കാതെ പോലും പരിശോധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ഡോക്ടർമാരുടെ സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
Also Read: കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വയ്ക്കും; പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി
രാവിലെ ആരോഗ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ ഗേറ്റിന്‍റെ പൂട്ടുപൊളിച്ച് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പുലര്‍ച്ചെ തൈക്കാട് ഹൗസിലേയ്ക്ക് പ്രതിഷേധക്കാരെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഒാഫീസിന്‍റെ മൂക്കിന്‍ തുമ്പില്‍ നടന്ന പ്രതിഷേധം അറിയാതെ പോയത് പൊലീസിന്‍റെ വന്‍ വീഴ്ചയായി. റീത്ത് വച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അഞ്ച് മിനിറ്റ് തളളിനൊടുവില്‍ പൂട്ട് പൊളിച്ച പ്രതിഷേധക്കാര്‍ തൈക്കാട് ഹൗസിലേയ്ക്ക് ഒാടിക്കയറി. പതിവ് കാവല്‍ക്കാരായ മൂന്ന് പൊലീസുകാരെ നോക്കുകുത്തികളാക്കി. പിന്നെക്കണ്ടത് അസാധാരണ രംഗങ്ങളായിരുന്നു. പ്രധാനവാതിലില്‍ റീത്ത് വച്ച് പ്രതിഷേധം. പൊലീസുകാരില്‍ ഒരാള്‍ ഉടന്‍ റീത്തെടുത്ത് മാറ്റി. പിന്നാലെ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ ഗേറ്റിനു മുമ്പില്‍ കുത്തിയിരുന്നു. 15 മിനിറ്റ് കൂടി കഴിഞ്ഞെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ ഉന്തും തളളുമായി. പൊലീസ് ബലംപ്രയോഗിച്ചതോടെ പ്രതിഷേധക്കാര്‍ ഇടഞ്ഞു. പൊലീസ് വണ്ടി തടഞ്ഞതോടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിരുന്നില്ല. സുരക്ഷാ വീഴ്ചയില്‍ കമ്മിഷണര്‍ കന്‍റോന്‍റ്മെന്‍റ് എസിപിയോട് വിശദീകരണം തേടി.