kerala-can21-2

മലയാള ടെലിവിഷനിലെ സമാനതകളില്ലാത്ത വിജയഗാഥ. ആരോഗ്യകേരളം നെഞ്ചോട് ചേർത്ത അതിജീവന പോരാട്ടം, അതാണ് മനോരമ ന്യൂസ് കേരള കാന്‍. ദൗത്യം അതിന്റെ 10ാം പതിപ്പിൽ എത്തിനിൽക്കുമ്പോൾ അഭിമാനം വാനോളമാണ്. 2016 ജനുവരി 2ന് ചരിത്രം കുറിച്ച തുടക്കം. കാൻസറിനെ കരുത്തോടെ നേരിടാൻ ജനങ്ങള്‍ക്കൊപ്പം നിന്ന വ്യത്യസ്തമായ പരിപാടി. മുഖമായി നടി മഞ്ജു വാര്യർ. രോഗനിർണയ സന്നാഹങ്ങളുള്ള ബസൊരുക്കി കാന്‍സർ വിരുദ്ധ പോരാട്ടത്തിൽ സന്നദ്ധസേന രൂപീകരിച്ചു. വിശദമായ പരിശീലനം നൽകി. പരിപാടിയുടെ സന്ദേശം ജനങ്ങളിലെത്തിച്ചു.

 

Also Read: പ്രതീക്ഷകളുടെ ചിറകടികളുമായി കേരള കാന്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാംപ്


തുടരാം പോരാട്ടം എന്ന ടാഗ് ലൈനോടെ രണ്ടാം അധ്യായം. ചികിത്സരംഗത്തെ പ്രമുഖരും കാൻസറിനെ പോരാടി തോൽപ്പിച്ചവരും കേരള കാനിൽ കൈകോർത്തു. ബോധവൽക്കരണ സെഷനുകൾ. പരിശോധന ക്യാംപുകൾ, വിദഗ്ധരുടെ വിശകലനങ്ങൾ, കേരള കാൻ പുതിയ ഉയരങ്ങൾ തേടി. പ്രിയ താരങ്ങൾ പിന്തുണയുമായി എത്തി. മണിക്കൂറുകൾ നീണ്ട ലൈവത്തൺ പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറി.

 

ആ പോരാട്ടം തുടര്‍ന്ന് മൂന്നാം അധ്യായം. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കേരള കാൻ തരംഗമായി. സാധ്യമായ പിന്തുണയുമായി സർക്കാർ സംവിധാനങ്ങളും ഒപ്പം ചേർന്നു. ജനമുന്നേറ്റമായി കേരള കാൻ മാറി. 

കരുതലാകാം കരുത്തേകാം എന്ന ചിന്തയുണർത്തി നാലാം അധ്യായം. അപ്പോഴേക്കും ജനങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു കേരള കാൻ. രോഗത്തെയും രോഗികളെയും എങ്ങിനെ കരുതലോടെ നേരിടാം എന്ന സന്ദേശം മുഴുവൻ മലയാളികളിലേക്കും എത്തിക്കാനായി. കലാ പ്രകടനങ്ങളും പ്രമുഖരുടെ പങ്കാളിത്തവും കേരള കാനെ ജനപ്രിയ പരിപാടിയാക്കി.

 

അഞ്ചാം അധ്യായത്തിൽ കെ.എസ്.ചിത്രയും കേരള കാനിന്റെ ഭാഗമായി മാറി. മറികടന്നവർ വഴി നടത്തും. അതായിരുന്നു തീം. കാൻസറിനെ അതിജീവിച്ചവരുടെ പ്രചോദനകരമായ കഥകൾ ഏവരും കേട്ടു. കോവിഡ് കാലത്തെ അതിജീവനമായിരുന്നു പലരും പറഞ്ഞതും നമ്മൾ കേട്ടതും. ആറാം അധ്യായത്തിൽ കേരള കാൻ ഉറക്കെ പറഞ്ഞു. അതിജീവനം നമ്മുടെ തിരഞ്ഞെടുപ്പാണ്.

 

അതിജീവനം കളറാണ് എന്ന സന്ദേശമാണ് 7ാം അധ്യായം നൽകിയത്. കാൻസറിനെ അതിജീവിച്ച് ജീവിതം കളറാക്കിയവരും അവരെ അതിന് സഹായിച്ചവരും ഒത്തുചേർന്ന വൈവിധ്യമായ വേദികൾ. വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശവുമായി 8ാം പതിപ്പ്. പ്രതിരോധം, കരുതൽ, അതിജീവനം, ചികിത്സ എന്നിങ്ങനെ സമൂഹത്തിലാകെ കാൻസർ ബോധവൽക്കരണത്തിന്റേയും കരുതലിന്റേയും സന്ദേശം ജനങ്ങളിലെത്തിച്ചു. മുൻ കാലങ്ങളിലെ പോലെ രോഗനിർണ ക്യാപുകളിലും കൂട്ടായ്മകളിലും പങ്കുചേരാൻ അവസരം ഒരുക്കി. ജീവിതത്തിന്റെ വൈബ് കണ്ടെത്തിയ പലരും കാൻസറിനെ തോൽപ്പിച്ച കഥകളുമായി മറ്റുള്ളവർക്കും ആ വൈബ് പകർന്നു.

 

ചിരിയോടെ അതിജീവി‌ച്ചവരെയും പോരാടുന്നവരെയും ചേര്‍ത്തുനിര്‍ത്തി കാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിടാമെന്ന് കാട്ടികൊടുക്കുകയായിരുന്നു ചിരിയില്‍ ചേര്‍ത്ത 9ാം പതിപ്പ്. മുഖമായി രമേഷ് പിഷാരടി. പ്രതിരോധം, കരുതല്‍, അതിജീവനം, ചികിത്സ എന്നിങ്ങനെ സമൂഹത്തിലാകെ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്‍റെയും കരുതലിന്‍റെയും സന്ദേശം പടര്‍ത്തിയ 9വര്‍ഷങ്ങള്‍.

 

9വര്‍ഷം പിന്നിടുമ്പോൾ കേരള കാൻ സന്ദേശം എത്താത്ത ഒരിടവും ബാക്കിയില്ല. കോടികളുടെ ചികിത്സ സാഹായവും ലക്ഷകണക്കിന് ആളുകൾക്ക് രോഗനിർണയ പരിശോധനകളും നടത്തിയത് മാത്രമല്ല, പലരുടെയും ആഗ്രഹ സാഫല്യത്തിന്റെ വേദികൂടിയായി കേരള കാൻ. ഈ ഊർജവുമായി ഇനിയും മുന്നോട്ട്...പ്രതീക്ഷ പത്തരമാറ്റ്..

ENGLISH SUMMARY:

Malayala Manorama Online News highlights the incredible journey of 'Kerala Can,' a unique program on Malayalam television that has become a beacon of hope in the fight against cancer. Now in its 10th edition, the initiative has empowered countless individuals with awareness, early detection, and unwavering support, embodying the spirit of resilience and survival.