kerala-can-season-ten

മലയാളികൾക്ക് അർബുദ പ്രതിരോധം സാധ്യമാണെന്ന ബോധ്യം പകരാൻ  മനോരമ ന്യൂസ്  കേരള കാൻ  നിർണായക പങ്കു വഹിച്ചെന്ന് മന്ത്രി സജി ചെറിയാന്‍.  കേരള കാന്‍ പത്താം പതിപ്പ് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതീക്ഷയാണ് അതിജീവനത്തിനുള്ള ഏറ്റവും വലിയ മരുന്നെന്ന് കേരള കാനിന്റെ മുഖമായ നടന്‍  രമേഷ് പിഷാരടി പറഞ്ഞു. അതിജീവനം ആവശ്യമായവർക്ക്  പ്രതീക്ഷ പകരുന്നത് സാമൂഹ്യ ഉത്തരവാദിത്തമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. 50 ലക്ഷം രൂപയുടെ ചികിത്സാ സഹായവുമായി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയും പാർട്ണർമാരായി ഫിറ  ഫുഡ്സും ICL ഫിൻകോർപ്പുമാണ് ഇത്തവണ കേരള കാനിനൊപ്പം ചേരുന്നത്. 

മന്ത്രി സജി ചെറിയാൻ മജീഷ്യൻ സാമ്രാജ് നീട്ടിയ മാന്ത്രിക പെട്ടിയിലിട്ടത് ഒരു ഡാലിയ പൂവ്. പെട്ടി തുറന്നപ്പോഴോ പ്രതീക്ഷയുടെ ചിറകടിച്ചുയർന്നു  വെള്ളരിപ്രാവ്. ഒപ്പം പ്രതീക്ഷയുടെ പത്തരമാറ്റ് സന്ദേശവുമായി  കേരള കാൻ  പത്താം പതിപ്പിനും തുടക്കമായി. 

2016 ൽ തുടക്കമിട്ട് പത്താം പതിപ്പിലെത്തിയ മനോരമ ന്യൂസ്  കേരള കാൻ രോഗം വന്നവർ ഒറ്റയ്ക്കല്ലെന്ന ബോധ്യം പകർന്നെന്ന് മന്ത്രി. എല്ലാ വേദനകളേയും ഒരു പുഞ്ചിരിയിൽ മായ്ക്കാമെന്ന പ്രതീക്ഷയുടെ മന്ത്രം ചൊല്ലി മലയാള സിനിമയിലെ ചിരിമുഖമായ രമേഷ് പിഷാരടി. അതിജീവനത്തിന് കൈപിടിക്കാൻ സമൂഹം ഒന്നിക്കണമെന്ന്  ബിലീവേഴ്സ് ഈസ് റ്റേൺ ചർച്ച് സഭാ അധ്യക്ഷൻ മാർ സാമുവൽ തിയോഫിലസ്. 20 കൊല്ലമായി മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഇപ്പോൾ പക്ഷാഘാതത്തെ അതിജീവിച്ച  ഉല്ലാസ് പന്തളവും രമേഷ് പിഷാരടിയും ഒരുമിച്ചപ്പോൾ ബിലീവേഴ്സ് മെഡിക്കൽ കോളജ് ക്യാംപസിൽ കേരള കാൻ കാൻസർ രോഗ നിർണയ ക്യാംപിൽ ഒത്തുകൂടിയവരും എല്ലാം മറന്നു ചിരിച്ചു.

ഹോസ്പിറ്റൽ മാനേജർ ഫാ സിജോ പന്തപ്പള്ളിൽ , മനോരമ ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു എന്നിവർ പ്രസംഗിച്ചു. ജീവിതത്തിന്‍റെ വൈബ് തിരിച്ച് പിടിക്കാൻ ഒറ്റമൂലികൾ പങ്കിട്ട് രോഗത്ത അതിജീവിച്ചവരും പ്രതീക്ഷ പകർന്നു. 

ENGLISH SUMMARY:

Kerala Can, a cancer awareness initiative by Manorama News, is playing a crucial role in informing Malayalis about cancer prevention and the possibility of overcoming the disease. The 10th edition of Kerala Kan, inaugurated by Minister Saji Cheriyan, aims to instill hope and provide support to those affected by cancer.