സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു തീരുമാനം കൂടി നടപ്പിലാക്കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. യു.ഐ.ഡി രേഖപ്പെടുത്തുന്നതിന് അനുവദിച്ച സമയപരിധി പ്രയോജനപ്പെടുത്തിയതിലൂടെ നഷ്ടപ്പെടുമായിരുന്ന 175 അധ്യാപക തസ്തികകൾ തിരിച്ചുപിടിക്കാൻ നമുക്ക് സാധിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആറാം പ്രവൃത്തിദിനത്തിൽ യു.ഐ.ഡി ലഭ്യമാകാതിരുന്ന കുട്ടികൾക്ക് നൽകിയ സാവകാശത്തിലൂടെ 912 പുതിയ യു.ഐ.ഡികൾ അംഗീകരിച്ചു.
ഇതുവഴി കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെടുമായിരുന്ന ഏകദേശം 175 അധ്യാപകർക്ക് തസ്തികകൾ തിരിച്ചുലഭിക്കും.
പത്തോളം പുതിയ തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ 15 സ്കൂളുകൾ 'അൺ ഇക്കണോമിക്' പദവിയിൽ നിന്നും മാറ്റപ്പെടും. കൈറ്റ് നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ശേഷം പുതുക്കിയ വിവരങ്ങൾ 'സമ്പൂർണ്ണ', 'സമന്വയ' സോഫ്റ്റ്‌വെയറുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സ്കൂളുകൾക്ക് ഇനി തുടർ നടപടികൾക്കായി അതത് വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാവുന്നതാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും വിദ്യാലയങ്ങളെ ശാക്തീകരിക്കാനും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.