ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവില്‍ ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ച രീതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോ. അജയ് ബാലചന്ദ്രന്‍. ശസ്ത്രക്രിയ ചെയ്യുന്ന ഉപകരണങ്ങൾ ശരീരത്തിനകത്ത് മറന്നുവയ്ക്കുന്നത് ചികിത്സാപിഴവാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നും, എന്നാല്‍ ഡോ. ലളിതാംബിക വിശദീകരിച്ച കാര്യങ്ങളില്‍ ഒരു കമ്യൂണിക്കേഷൻ ഗ്യാപ്പിനെപ്പറ്റി പറയാനുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ഡോ. ലളിതാംബിക മാധ്യമങ്ങളോട് സംസാരിച്ചതിലെ ഒരു കാര്യം മാധ്യമങ്ങൾക്ക് മനസ്സിലാവാത്തതാണോ എന്ന് എനിക്ക് നല്ല സംശയമുണ്ട്. താനല്ല ആ സർജ്ജറി ചെയ്തത് എന്ന കാര്യം വ്യക്തമാക്കിക്കഴിഞ്ഞാൽ പിന്നെ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പി ജി വിദ്യാർത്ഥിയോ മറ്റോ ചെയ്ത സർജ്ജറി അല്ലാത്തിടത്തോളം ഡോക്ടർ ലളിതാംബികയ്ക്ക് അതിൽ ലയബിലിറ്റി ഒന്നുമില്ല എന്നത് വ്യക്തമാണ്.

അത് വ്യക്തമാക്കിക്കഴിഞ്ഞശേഷം പിന്നെ ഡോക്ടർ ലളിതാംബിക പൊതു കാര്യങ്ങൾ സംസാരിക്കുന്നതായാണ് എനിക്ക് വീഡിയോയിൽ നിന്ന് മനസ്സിലായത് (ഒരു എഡിറ്റഡ് വീഡിയോ ആണ് ഞാൻ കണ്ടത്). കൗണ്ട് സംബന്ധിച്ചുള്ള നടപടിക്രമങ്ങളെയും സ്റ്റാഫ് ഷോർട്ടേജിനെപ്പറ്റിയും ഉള്ള പൊതു വിവരങ്ങൾ ഡോക്ടർ ആദ്യം പറയുന്നു. “ഈ രോഗിക്ക് ഇതിന് മുൻപ് ഒരു ഓപ്പറേഷൻ ചെയ്തിട്ടുണ്ട്“ എന്നും “അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം“ എന്നും ഡോക്ടർ ചോദിക്കുന്നു. [അതിന്റെ പ്രസക്തി ഇന്ന സർജ്ജറിയിലാണ് ചികിത്സാപിഴവ് വന്നത് എന്ന് സംശയാതീതമായി തെളിയിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ക്രിമിനൽ നെഗ്ലിജൻസ് നിലനിൽക്കില്ല എന്നതാണ്. പക്ഷേ സിവിൽ നെഗ്ലിജൻസ് നിലനിൽക്കും.

അതായത് സർജ്ജറി ചെയ്ത ഡോക്ടറെ ജയിലിലിടാനുള്ള കോടതിനടപടികൾ വിജയിക്കാൻ സാധ്യ കുറവാണെങ്കിലും നഷ്ടപരിഹാരക്കേസ് നിലനിൽക്കും.]. “അങ്ങനെയാണെങ്കിൽ രണ്ടാമത്തെ ഓപ്പറേഷനിൽ അത് കാണില്ലേ?“ എന്നൊരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നു. “ഇല്ല കാണില്ല, ഒമന്റമെല്ലാം മുകളിൽ കയറിയിരിക്കുന്നത് കൊണ്ട് കാണാൻ സാധിക്കില്ല“ എന്ന് ഡോക്ടർ പറയുന്നു. അതും വസ്തുതാപരമായ ഒരു പൊതു പ്രസ്താവനയാണ്. ഇങ്ങനെ ഒരു ഉപകരണം ഉള്ളിൽ ഉണ്ടോ എന്ന് നോക്കാനല്ല ശസ്ത്രക്രീയ ചെയ്യുന്നതെങ്കിൽ അത് അകത്തുണ്ടെങ്കിലും ശസ്ത്രക്രീയയ്ക്കിടെ കാണണമെന്നില്ല!!! ഇരുപത് വർഷം മുൻപാണല്ലോ പഴയ സർജ്ജറി ചെയ്തത് എന്ന് പത്രലേഖകൻ തുടർന്ന് ചോദിക്കുന്നു. ഇതിനിടയിൽ ഇങ്ങനെ ഒരു ഉപകരണം വയറ്റിലിരുന്നാൽ അതിന്റെ ലക്ഷണങ്ങളൊന്നും കാണില്ലേ എന്നാണ് ചോദ്യത്തിന്റെ അർത്ഥം.

“മുപ്പത് വർഷവും അനങ്ങാതിരിക്കാം ഇത്“ എന്നതാണ് ഇതിന് ഡോക്ടർ പറയുന്ന മറുപടി. അതും വസ്തുതാപരമായി ശരിയാണ്. ഒരു ഉപകരണം ശരീരത്തിനകത്തുണ്ടെങ്കിൽ അത് ഉടൻ തന്നെ ലക്ഷണങ്ങൾ കാണിച്ചേയ്ക്കാമെങ്കിലും എപ്പോഴും അങ്ങനെ ഉണ്ടാവണമെന്നില്ല... ഒരു ലക്ഷണവുമില്ലാതെ വർഷങ്ങൾ കടന്നുപോയേക്കാം... ഡോക്ടർ പറഞ്ഞത് അകത്ത് ഉപകരണം വച്ചാൽ കുഴപ്പമൊന്നുമുണ്ടാവില്ല എന്നല്ല എന്നത് ശ്രദ്ധിക്കുക!. ഇരുപത് വർഷം മുൻപ് നടന്ന സർജ്ജറിയിൽ മറന്നുവച്ച ഉപകരണമല്ല ഇത് എന്ന് ഇക്കാലമൊന്നും രോഗിക്ക് വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലായിരുന്നു എന്നതിൽ നിന്ന് അനുമാനിക്കാനാവില്ല എന്ന അർത്ഥത്തിലാണ് ഡോക്ടർ അത് പറഞ്ഞത്. എന്തായാലും ഡോക്ടർ ഈ പറഞ്ഞതൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മറ്റൊരു രീതിയിലാണ്. സ്വന്തം കുറ്റം (താൻ ചെയ്യാത്ത സർജ്ജറിയിൽ ഉണ്ടായ പിഴവിന് എന്ത് കുറ്റം?) മറച്ചുവയ്ക്കാൻ നടത്തിയ ശ്രമമായും രോഗിയുടെ ദുരിതത്തെ കുറച്ചുകാണാൻ നടത്തിയ ശ്രമമായിട്ടുമൊക്കെയാണ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തത്.

ഡോക്ടർ പറഞ്ഞ ടെക്നിക്കൽ കാര്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ആ അർത്ഥത്തിൽ പിടികിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. “ആ സർജ്ജറി താൻ അല്ല ചെയ്തത്“ എന്ന ഒറ്റ വാക്യം മാത്രമേ ഇത്തരമൊരു സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മനസ്സിലാവൂ എന്നാണ് എനിക്ക് തോന്നുന്നത്“. – ഡോ. അജയ് ബാലചന്ദ്രന്‍ വിശദീകരിക്കുന്നു

ENGLISH SUMMARY:

Malayala Manorama Online News reports on the cyber-attack against Dr. Lalithambika following a surgery error at Alappuzha Vandanam Medical College. Dr. Ajay Balachandran's Facebook post offers a different perspective, highlighting a potential communication gap in how her explanation was perceived by the media.