തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ ഇനി നിലത്തുകിടക്കേണ്ട. ബെഡില്ലാത്ത രോഗികളെ പുലയനാര്‍കോട്ട ആശുപത്രിയിലേക്ക് മാറ്റി. 100 കിടക്കകളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്.

ഇന്നലെ വരെ നിലത്തുവിരിച്ച പായയില്‍ തണുത്ത് വിറച്ച് കിടന്നിരുന്നവര്‍ക്ക് ഇനിമുതല്‍ ആശ്വാസത്തിന്‍റെ നാളുകളാണ്. വീല്‍ചെയറിലും സ്ട്രക്ച്ചറിലും ഇരുന്നും കിടന്നും രോഗനാളുകള്‍ തള്ളിനീക്കിയിരുന്നവരെയാണ് പുലയനാര്‍കോട്ട ആശുപത്രിയിലേക്ക് മാറ്റിയത്. കട്ടിലും മെത്തയും രോഗികളുടെ അവകാശമാണെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി.

അതിവിദഗ്ധ ചികില്‍സ ആവശ്യമില്ലാത്ത രോഗികളെയാണ് പുലയനാര്‍കോട്ട ആശുപത്രിയിലേക്ക് മാറ്റിയത്. എന്‍ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് ഉള്‍പ്പെടെ മികച്ച ചികില്‍സ ഉറപ്പാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്കും നിയന്ത്രിക്കാനാകും.

ENGLISH SUMMARY:

Thiruvananthapuram medical college hospital has implemented a new policy to ensure no patients sleep on the floor. Patients previously without beds have been transferred to Pulayanarkotta hospital, where 100 new beds have been set up, providing much-needed relief and improved care.