ശൈത്യകാലത്തിനായി കാത്തിരിക്കാതെ ശ്വാസകോശ രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ. എല്ലാ വർഷവും ഒക്ടോബർ മുതൽ വൈറൽ അണുബാധകൾ, ഇൻഫ്ലുവൻസ, ന്യൂമോണിയ, ആസ്ത്മ തുടങ്ങിയ ശ്വസനസംബന്ധമായ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ തേടുന്നത് ഗുരുതരാവസ്ഥയും ആശുപത്രിവാസവും ഒഴിവാക്കാൻ സഹായിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ ആശുപത്രികളും നേരത്തെ തന്നെ തയ്യാറെടുക്കാറുണ്ട്. പലപ്പോഴും ജൂലൈ മാസത്തിൽ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങും. കോവിഡ്-19 മഹാമാരി നൽകിയ ഒരു പ്രധാന പാഠമെന്ന നിലയിൽ ആശുപത്രികൾ തങ്ങളുടെ ഓക്സിജൻ വിതരണ സംവിധാനങ്ങൾ അവലോകനം ചെയ്യുകയും, കിടക്കകളുടെ ലഭ്യത പരിശോധിക്കുകയും, അധികമായ ശ്വസനപരിചരണ യൂണിറ്റുകൾ കണ്ടെത്തുകയും, ആന്റിബയോട്ടിക്കുകൾ, വൈറസ് പ്രതിരോധ മരുന്നുകൾ, ബ്രോങ്കോഡൈലേറ്ററുകൾ തുടങ്ങിയ അത്യാവശ്യ മരുന്നുകൾ ശേഖരിച്ചുവെക്കുകയും ചെയ്യാറുണ്ട്. രോഗികളുടെ എണ്ണം പെട്ടെന്ന് കൂടുമ്പോൾ മരുന്നുകൾക്ക് ക്ഷാമമുണ്ടാകാനുള്ള സാധ്യത ഇത്തരം മുൻകരുതലുകളിലൂടെ കുറയ്ക്കാൻ സാധിക്കും.

വായു മലിനീകരണം അധിക വെല്ലുവിളി

ഡൽഹി പോലുള്ള സ്ഥലങ്ങളിലെ ആശുപത്രികൾക്ക് സീസണൽ വൈറസുകൾക്കൊപ്പം മറ്റൊരു പ്രധാന ആശങ്ക കൂടിയുണ്ട് — വായു മലിനീകരണം. വായു നിലവാര സൂചിക പലപ്പോഴും 300-ന് മുകളിൽ പോകുന്ന ഇവിടെ നവംബർ, ഡിസംബർ മാസങ്ങളിൽ മലിനീകരണം അതിന്റെ മൂർധന്യത്തിലെത്തുകയും ചെയ്യും. വായു മലിനീകരണം നേരിട്ട് വൈറൽ അണുബാധകൾക്ക് കാരണമാകുന്നില്ലെങ്കിലും, അത് ശ്വാസകോശത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളായ സിഒപിഡി, ആസ്ത്മ എന്നിവയുള്ളവർ കൂടുതൽ അപകടസാധ്യതയിലാകുന്നു. മലിനമായ വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുമ്പോൾ ചെറിയൊരു വൈറൽ അണുബാധ പോലും വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരത്തെ തടയൽ

ശൈത്യകാലം തുടങ്ങുന്നതിന് മുൻപുതന്നെ ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് പരിശോധനകൾക്കായി ആശുപത്രി സേവനം സ്വീകരിക്കാവുന്നതാണ്. ആരോഗ്യവിദഗ്ധർ ഇത്തരക്കാരുടെ മരുന്നുകൾ അവലോകനം ചെയ്യുകയും, ഇൻഹേലർ ഉപയോഗിക്കുന്ന രീതികൾ പരിശോധിക്കുകയും, ആവശ്യമായ വാക്സിനേഷനുകളെക്കുറിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇത്തരം മുൻകരുതൽ നടപടികൾ രോഗം ഗുരുതരമാകുന്നതും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നതും കുറയ്ക്കാൻ സഹായിക്കും. പ്രതിരോധപരിചരണം രോഗികൾക്ക് ഗുണം ചെയ്യുക മാത്രമല്ല, അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മുൻഗണന നൽകാനും ആശുപത്രികളെ സഹായിക്കുന്നു.

അവഗണിക്കരുതാത്ത മുന്നറിയിപ്പ് ലക്ഷണങ്ങൾ

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടതെന്ന് തിരിച്ചറിയുന്നത് വലിയൊരു മാറ്റമുണ്ടാക്കും. ബാത്ത്റൂമിൽ പോകുന്നത് പോലുള്ള ചെറിയ ദൂരം നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുക, ചെറിയ അളവിലാണെങ്കിൽ പോലും ഉമിനീരിൽ രക്തത്തിന്റെ അംശം കാണുകയോ തുരുമ്പിന്റെ നിറം ഉണ്ടാവുകയോ ചെയ്യുക, പനിയോടൊപ്പം ചുമയോ മറ്റ് ശ്വസനസംബന്ധമായ രോഗലക്ഷണങ്ങളോ ഉണ്ടാവുക, 48 മണിക്കൂറിൽ കൂടുതൽ പനി നീണ്ടുനിൽക്കുക, ദീർഘശ്വാസം എടുക്കുമ്പോൾ വർധിക്കുന്ന തരത്തിലുള്ള നെഞ്ചുവേദന, ചുണ്ടുകളോ വിരൽത്തുമ്പുകളോ നീലനിറമാവുക എന്നീ ലക്ഷണങ്ങൾ കാണുമ്പോൾ വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്. പ്രായമായ കുടുംബാംഗങ്ങൾക്ക് ചുമയോ പനിയോ ഉള്ളപ്പോൾ പെട്ടെന്ന് അസ്വാഭാവികമായി നിശ്ശബ്ദരാവുകയോ, ആശയക്കുഴപ്പം ഉണ്ടാവുകയോ, പെരുമാറ്റത്തിൽ മാറ്റം വരികയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് ഒരു മുന്നറിയിപ്പാണ്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രോഗം സങ്കീർണ്ണമാകുന്നതിന് മുൻപ് ചികിത്സ തുടങ്ങാൻ ഡോക്ടർമാരെ സഹായിക്കുന്നു.

 

 

Preventing Respiratory Diseases This Winter:

Respiratory disease prevention is crucial, as health experts advise taking precautions before winter sets in, with early symptom detection helping to avoid severe conditions and hospitalizations