വണ്ടാനം മെഡിക്കൽ കോളേജിലെ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പിഴവില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. ഇതൊരു വേദനാജനകമായ സംഭവമാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്ന്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ഈ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിദഗ്ദ്ധാന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പോലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. Also Read: 'കത്രിക 50 കൊല്ലം ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു?' നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക .
ആരൊക്കെയാണ് വിരമിച്ചു പോയിട്ടുള്ളത്, നിലവിൽ സർവീസിൽ ആരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തി സർവീസിലുള്ളവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടിൽ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കൾ പറയുന്നു. ഈ വിഷയങ്ങളെല്ലാം അന്വേഷണത്തിന്റെ ഭാഗമാകും. 2021 മെയ് 10നാണ് ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 12-ാം തീയതിയാണ് ശസ്ത്രക്രിയ നടന്നത്. 15-ാം തീയതി ഡിസ്ചാർജ് ചെയ്തു. ഡോക്ടർക്ക് ഇങ്ങനെ ഒരു കേസ് ഓർമ്മയില്ല, പക്ഷേ ശസ്ത്രക്രിയ ചെയ്തില്ല എന്ന് ഓർമ്മയുണ്ട്. അത് എങ്ങനെ സാധ്യമാകും എന്നും മന്ത്രി വീണാ ജോർജ് ചോദിച്ചു.
നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും, പണം നൽകിയെന്ന ആരോപണവും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രബ് നേഴ്സും ഡോക്ടറും തുല്യ ഉത്തരവാദിത്തമുള്ളവരാണ്. സ്ക്രബ് നേഴ്സ് ഇല്ലാതെ മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയകൾ നടക്കില്ല. ശസ്ത്രക്രിയാ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഇവരുടെ സംയുക്ത ഉത്തരവാദിത്തമാണ്.
സർക്കാരിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഒരുക്കുക എന്നതാണ് പ്രാഥമിക ചുമതല. എന്നാൽ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കുന്നത് വ്യക്തികളുടെ ഭാഗത്തുനിന്നാണ്. ഇത്തരം വ്യക്തിപരമായ വീഴ്ചകളിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടായിരിക്കെ, പ്രോട്ടോക്കോൾ ലംഘിച്ച് ശസ്ത്രക്രിയകൾ നടത്തുന്നത് അതീവ ഗൗരവമുള്ള വിഷയമായാണ് സർക്കാർ കാണുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയിലെ പിഴവുമൂലം വർഷങ്ങളോളം വേദന അനുഭവിക്കുന്നവരുടെ ദുരിതം അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാകൂ. ഉപകരണം വയറ്റിൽ തന്നെ കിടന്നാൽ പ്രശ്നമില്ല എന്ന് ഒരു കാരണവശാലും ഡോക്ടര്‍ പറയാൻ പാടില്ലാത്തതാണ്. ചെയ്യുന്ന തൊഴിലിനോട് ഡോക്ടര്‍ അനാദരവ് കാണിച്ചു. അതിനാൽ, ഇത്തരം വീഴ്ചകളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും എല്ലാ കേസുകളിലും നിയമനടപടികൾ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനൽകി. കൂടാതെ, നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ കാര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് സർക്കാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.