കേരളത്തിലെ ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറിന് ഒരു ഇര കൂടി. ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2021 ല്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിലാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ച കത്രിക കണ്ടെത്തിയത്. അഞ്ചുവർഷം വേദനസഹിച്ച് കഴിഞ്ഞ ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ ഉഷ ജോസഫിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. Also Read: വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക; ആലപ്പുഴ മെഡി. കോളജിനെതിരെ ഗുരുതര ആരോപണം .

കഠിനമായ വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഡോക്ടർ നിർദേശിച്ച പ്രകാരം സ്വകാര്യ ലാബിൽ എക്സ് റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞത്. മെഡിക്കല്‍ കോളജില്‍ ഡോ. ലളിതാംബിക ആണ് ഉഷയെ ചികില്‍സിച്ചിരുന്നത്.

കത്രിക വയറ്റിലുണ്ടെന്ന വിവരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയിലും കണ്ടെത്താനായില്ല. മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു.

കത്രിക കുടുങ്ങിയത് 2021ലെന്ന് ആശുപത്രി സൂപ്രണ്ട്  ഡോ.ഹരി മനോരമന്യൂസിനോട്. അന്ന് ജോലിയില്‍ ഉണ്ടായിരുന്നവരാരും ഇപ്പോഴില്ല. ഉഷയെ ചികില്‍സിച്ച ഡോക്ടര്‍മാരോട് സംസാരിക്കുമെന്നും ഡോ. ഹരി മനോരമന്യൂസിനോട് പറഞ്ഞു 

ഗുരുതരമായ വീഴ്ച്ചയെന്ന് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Another victim has emerged due to the failure of Kerala’s healthcare system. Surgical scissors used during a hysterectomy performed in 2021 at Alappuzha Government Medical College were found inside the stomach of a housewife. Usha Joseph, a resident of Punnapra, Alappuzha, who has endured severe pain for five years, has now been shifted to Amrita Hospital in Kochi.