സംസ്ഥാനത്ത് ടൂറിസം രംഗത്ത് വികസനക്കുതിപ്പേകി കിഫ്ബി പദ്ധതികള്‍. കണ്ണൂരിലെ മുഴപ്പിലങ്ങാട്–ധര്‍മടം ബീച്ച് സമഗ്ര ടൂറിസം പദ്ധതിയും തലശേരി ഹെറിറ്റേജ് പദ്ധതി, തൃശൂരിലെ പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്ക് എന്നിവയാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വന്‍ മുതൽക്കൂട്ടാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി.  ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളത്. കിഫ്ബിയിൽ നിന്ന് 233.72 കോടി രൂപ ചിലവിട്ടാണ് നിര്‍മാണം.  62 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിയിൽ പാർക്ക് ആണ് തൃശൂര്‍ പുത്തൂരിൽ തുറക്കാൻ പോകുന്നത് . കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ-പ്രദർശന കേന്ദ്രമായി മാറാനും ഒരുങ്ങുകയാണ് ഇവിടം. പുത്തൂരിൽ 300 ഏക്കറിലധികം വിസ്തൃതിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാർക്ക്, രാജ്യത്തെ തന്നെ ഏറ്റവും ആധുനിക മൃഗശാലകളിൽ ഒന്നായി മാറുമെന്നതാണ് പ്രതീക്ഷ.

പാരമ്പര്യത്തനിമയും ചരിത്രവും വിളിച്ചോതുന്ന വടക്കന്‍ കേരളത്തിലെ പ്രധാന നഗരമായ തലശേരിയിലെ ഹെറിറ്റേജ് ടൂറിസം വികസനമാണ് കിഫ്ബി പദ്ധതികളില്‍ മറ്റൊന്ന്. ഗുണ്ടര്‍ട്ട് ബംഗ്ലാവായിരുന്ന ഗുണ്ടര്‍ട്ട് മ്യൂസിയം ചരിത്രാന്വേഷകര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്രദമാകും വിധമാണ് നവീകരിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഹെര്‍മന്‍ ഹെസ്സെ ലൈബ്രറി, ജൂലി ഗുണ്ടര്‍ട്ട് ഹാള്‍, അപൂര്‍വമായ കൈയ്യെഴുത്ത്  പ്രതികള്‍, ഡിജിറ്റല്‍ ബുക്ക് ആര്‍ക്കൈവ് എന്നിവ മ്യൂസിയത്തിലുണ്ട്. തലശേരിയിലെ കടല്‍തീരത്തെ മനോഹാരിത ആസ്വദിക്കാനാവുന്ന പാര്‍ക്കുകളാണ് ഹെറിറ്റേജ് ടൂറിസം പ്രൊജക്ടിന്‍റെ ഭാഗമായുള്ള മറ്റു കിഫ്ബി വികസനങ്ങള്‍. . ഓവര്‍ ബെറീസ് ഫോളി പാര്‍ക്കും, സീ വ്യൂ പാര്‍ക്കും, തലശേരി പിയര്‍ വാക്ക് വേയുമാണ് ഇവ. തലശേരി കോട്ടയുടെ പുറകുവശത്തായുള്ള കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സെന്‍റ് ജോണ്‍സ് ആംഗ്ലിക്കന്‍ ദേവാലയവും തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്‍റെ ഭാഗമായി സംരക്ഷിച്ചുപോരുന്നുണ്ട്.

ENGLISH SUMMARY:

KIIFB tourism projects in Kerala are significantly boosting the state's tourism sector. These initiatives, including the comprehensive development of Muzhappilangad-Dharmadam beach, the Thalassery heritage project, and the Thrissur Puthur zoological park, are attracting considerable attention.