ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ തനിക്ക്  നീതി ലഭിച്ചെന്ന ആരോഗ്യമന്ത്രിയുടെ വാദം വെറും തള്ളെന്ന് കോഴിക്കോട് സ്വദേശിനി ഹര്‍ഷിന. അന്വേഷണം നടത്തിയ മെഡിക്കല്‍ കോളജ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ  ഒരു നടപടിയുമെടുത്തിട്ടില്ലെന്നും ഹര്‍ഷിന പറയുന്നു. 

2017ല്‍ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 2022 ല്‍. അന്വേഷണത്തിന് മൂന്നുതവണ ആരോഗ്യവകുപ്പ് കമ്മിറ്റികളെ നിയോഗിച്ചു. എല്ലാവരും റിപ്പോര്‍ട്ടും കൊടുത്തു. പക്ഷെ ഒരാള്‍ക്കെതിരെ പോലും നടപടിയെടുത്തില്ല. കത്രിക കുടുങ്ങിയത് എവിടെ നടത്തിയ ഒാപ്പറേഷനിലാണെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു വിശദീകരണം. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തുകയും രണ്ട് ഡ‍ോക്ടര്‍മാര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരെ കുറ്റപത്രം സമര്‍ിപ്പിക്കുകയും ചെയ്തു. കേസിലെ  വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും അത് നീക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല 

സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആകെ  പ്രഖ്യാപിച്ചത് രണ്ടുലക്ഷം രൂപയാണ്. ഇതിനെതിരായ കേസും ജില്ലാ കോടതിയില്‍ നടക്കുകയാണ്. അമ്പലപ്പുഴയിലെ  ഉഷാ ജോസഫിന് പിന്തുണയുമായി മെഡിക്കല്‍ കോളജിന് മുമ്പില്‍ സമരം ചെയ്യുന്ന ഹര്‍ഷിനയ്ക്കും ഇതുവരെയും നീതികിട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 

ENGLISH SUMMARY:

Harshina's stomach scissors case highlights a severe medical negligence incident where a surgical instrument was left inside her abdomen for five years. Despite a police investigation concluding the malpractice occurred at Kozhikode Medical College, resulting in charges against two doctors and two nurses, official action from the health department has been conspicuously absent, leaving Harshina seeking justice.