ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ ഒരു കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനു സ്വാഭാവിക ജാമ്യം. റിമാന്‍ഡ് ചെയ്തു 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയുണ്ട്. കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയുണ്ടെന്ന പത്മകുമാറിന്‍റെ വാദം കൊല്ലം വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. Also Read: അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്‍റെ പ്രതികാരം; കുരുക്കി തന്ത്രി കണ്ഠര് രാജീവര് .
ദ്വാരപാലകപാളി സ്വര്‍ണ കവര്‍ച്ചാ കേസില്‍ റിമാന്‍ഡിലായതിനാല്‍ ഇപ്പോള്‍ ജയിലിനു പുറത്തിറങ്ങാന്‍ കഴിയില്ല. മുരാരി ബാബു, ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍.വാസു, സുധേഷ് കുമാര്‍ എന്നിവര്‍ക്കാണ് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവര്, അഡിമിനിസ്ട്രേറ്റര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ക്ക് തെളിവുകളുടെ അഭാവത്തിലും ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് സ്ത്രീയെന്ന പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
എല്‍ഡി ക്ലര്‍ക്കില്‍ നിന്ന് ദേവസ്വം സെക്രട്ടറി ആയ ജയശ്രീയ്ക്ക് പാളികളില്‍ പൂശിയത് സ്വര്‍ണ്ണമാണോ ചെമ്പാണോ എന്ന് തിരിച്ചറിയാനായില്ലേ എന്ന് ജസ്ററിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. താന്‍ ശബരിമലയില്‍ ജോലിചെയ്തിട്ടില്ലെന്നും കേസിലെ ഏഴ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചതായും ജയശ്രീ വാദിച്ചു. ജയശ്രീയുടെ കസ്റ്റഡി അനിവാര്യമാണെന്നും തെളിവ് ഒത്തുനോക്കാനായി ജയശ്രീയുടെ ഒപ്പും കയ്യെഴുത്തും ശേഖരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ നേരത്തെ എന്‍.വാസുവിനും ഗോവര്‍ധനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു.