usha-alappuzha-23

ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫ്

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനി വീട്ടമ്മ ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോ. ഷാഹിദയ്ക്കും നഴ്സ് പി.എസ്.ധന്യയ്ക്കും സസ്പെന്‍ഷന്‍. ഗുരുതരമായ വീഴ്ചയെന്നും കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. 

 

വണ്ടാനം മെഡി.കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട് എന്നിവരുടെ വാർത്താസമ്മേളനത്തിലേക്ക് കടന്നു കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കെപിസിസി ഭാരവാഹികളായ എം ലിജു , എ.എ.ഷുക്കൂർ , എം ജെ ജോബ് , ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു .  ബിജെപി മുസ്ലിം ലീഗ് പ്രവർത്തകരും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

 

Also Read: ആരോഗ്യ മേഖലയിൽ തുടരുന്ന വീഴ്ചകൾ; കൈകഴുകി മന്ത്രി; ഇരകൾക്ക് നീതി അകലെ

 

ഇതിനിടെ കത്രിക വയറിൽ മറന്നു വച്ചതിൽ വിവാദ പരാമർശവുമായി അന്ന് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക രംഗത്തെത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. 50 വർഷം കത്രിക അകത്തിരുന്നാലും പ്രശ്നമില്ലെന്നായിരുന്നു ലളിതാംബികയുടെ വാക്കുകൾ. സ്റ്റെറിലൈസ് ചെയ്യപ്പെട്ടതായതിനാൽ മെഡിക്കൽ ഉപകരണങ്ങൾ വയറിൽ ഇരുന്നാൽ പ്രശ്നമില്ലെന്നായിരുന്നു ആശുപത്രിയുടെയും വിശദീകരണം. അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് തവണ സ്ക്രബ് നഴ്സിനോട് എല്ലാം ശരിയല്ലേ എന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ഡോക്ടർ ഷാഹിദ മനോരമ ന്യൂസിനോട് പറഞ്ഞു.

 

നിരുത്തരവാദപരവും 5 വർഷം കത്രിക വയറിലുണ്ടായതിനാൽ ദുരിതം അനുഭവിച്ച ഉഷ ജോസഫിന്റെ വേദനയെ കുറച്ചു കാണിക്കുന്നതുമായിരുന്നു ഡോക്ടറുടെ വാക്കുകൾ . എന്നാൽ മന്ത്രി വീണ ജോർജ് കടുത്ത ഭാഷയിൽ ഡോക്ടറുടെ ഈ അഭിപ്രായം തള്ളിക്കളഞ്ഞു. 

 

വയറിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് DME യ്ക്ക് കൈമാറി

ENGLISH SUMMARY:

Alappuzha medical college scissors incident involves a surgical instrument left inside a patient, leading to significant distress and public outcry. This case has resulted in the suspension of the involved doctor and nurse, with further protests and investigations underway.