league-adoor-prakash
  • പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് പച്ചക്കൊടി കാട്ടിയെന്ന കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ പ്രസ്താവന മുസ്‍ലിം ലീഗ് പൂര്‍ണമായി തള്ളി.

പി.എം. ശ്രീയില്‍ മുസ്‍ലിം ലീഗ് കടുത്ത നിലപാടെടുത്തതോടെ മലക്കം മറി‍ഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം അന്തിമ തീരുമാനം മതിയെന്നും ലീഗ് നിലപാടെടുത്തതോടെ അടൂര്‍ പ്രകാശും നിലപാട് മാറ്റി. അനാവശ്യ വിവാദം ഉണ്ടാക്കുന്നതിലുള്ള അതൃപ്തി ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന. 

പി.എം.ശ്രീയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് യുഡിഎഫ് പച്ചക്കൊടി കാണിച്ചു എന്ന് വ്യക്തമാക്കിയ യുഡിഎഫ് കണ്‍വീനറുടെ വാക്കുകളെയാണ് ലീഗ് പൂര്‍ണമായി തള്ളിയത്. പി.എം.ശ്രീ വിഷയം മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്തില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അജന്‍ഡയില്‍പോലും ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. വിദ്യാഭ്യാ സമന്ത്രി എന്‍. ഷംസുദീന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപ സമിതിയുടെ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് ലീഗ് നിലപാട്. 

മുസ്‌ലിം ലീഗ് തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് നിലപാട് മാറ്റിയത്.പി.എം ശ്രീ യു.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടാകും തീരുമാനങ്ങളെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. 

മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരും ഒരു ലീഗ് മന്ത്രിയും ഉള്ള ഉപസമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് കൈമാറാനിരിക്കെ, അതിന്‍റെ പ്രാധാന്യം അപ്പാടെ ഇല്ലാതെയാക്കുന്ന അടൂര്‍പ്രകാശിന്‍റെ വാക്കുകളില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. പി.എം.ശ്രീ വിവാദമാക്കുന്നതിലും അത് പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ അവസരം ഉണ്ടാക്കുന്നതിലും  ലീഗിനുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്  വലിയ പ്രശ്നമോ നഷ്ടമോ ഇല്ലാതെ  പിന്‍മാറാനകുമെങ്കില്‍ പി.എം.ശ്രീ വേണ്ടെന്നുവെക്കണമെന്ന അഭിപ്രായത്തിനാണ് ലീഗില്‍ മുന്‍തൂക്കം.

ENGLISH SUMMARY:

UDF Convenor Adoor Prakash reversed his earlier stance on the PM-SHRI scheme after the Indian Union Muslim League strongly opposed moving forward without consulting the alliance. The Muslim League clarified that the contentious education issue was never discussed in the front meeting and demanded waiting for the cabinet sub-committee report. Following this open rebuke from the coalition partner, Prakash backtracked and stated that final decisions would only be made after reviewing the committee's findings. Meanwhile, League leadership has expressed deep dissatisfaction over premature statements and plans to convey their concerns directly to the Chief Minister.