tarun-tejpal
  • 2013 ല്‍ ഗോവയിലെ ഹോട്ടലില്‍ വച്ച് തെഹല്‍ക്ക സംഘടിപ്പിച്ച 'തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് തരുണ്‍ തേജ്പാല്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്.

സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കീഴടങ്ങി. ഗോവയിലെ മപുസ കോടതിയിലാണ് തരുണ്‍ തേജ്പാല്‍ കീഴടങ്ങിയത്.  കീഴടങ്ങല്‍ ഒഴിവാക്കണമെന്ന തേജ്പാലിന്‍റെ അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. 2013 ല്‍ ഗോവയിലെ ഹോട്ടലില്‍ വച്ച് തെഹല്‍ക്ക സംഘടിപ്പിച്ച 'തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് തരുണ്‍ തേജ്പാല്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. 

തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്, ജൂലൈ ആറിനാണ് പത്തുവര്‍ഷത്തെ കഠിന തടവ് അദ്ദേഹത്തിന് വിധിച്ചത്. അപമാനിതയായ സ്ത്രീയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. തരുണ്‍ തേജ്പാലിനെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2021ലാണ് തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി വിചാരണക്കോടതി തേജ്പാലിനെ വിട്ടയച്ചത്. ഇതിനെതിരെ ഗോവ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

കുറ്റകൃത്യം നടന്നതു സിസിടിവി ഇല്ലാത്ത ലിഫ്റ്റിലാണെങ്കിലും യുവതിയുടെ മൊഴി ശരിവയ്ക്കുന്ന സാക്ഷിമൊഴികൾ ലഭിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവശേഷം മാപ്പുപറഞ്ഞു 2 ഇമെയിലുകൾ പ്രതി അയച്ചിട്ടുമുണ്ട്. ഇതൊന്നും വിചാരണക്കോടതി പരിഗണിച്ചില്ല. ലൈംഗിക കുറ്റകൃത്യങ്ങൾക്കു മിക്കപ്പോഴും നേരിട്ടുള്ള തെളിവ് ലഭിക്കാൻ പ്രയാസമായിരിക്കും. ഇതു കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള പഴുതാക്കരുത്. നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നതുപോലെ കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തവും കോടതിക്കുണ്ട്. ആത്മവിശ്വാസം തകർക്കാൻ കരുതിക്കൂട്ടിയുള്ള ചോദ്യങ്ങളിൽ പതറാതെ യുവതി മൊഴിയിൽ ഉറച്ചുനിന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Former Tehelka Editor Tarun Tejpal surrendered at the Mapusa Court in Goa after the court rejected his plea seeking exemption from surrender. The Bombay High Court's Goa Bench sentenced him to 10 years of rigorous imprisonment and ordered a ₹10 lakh compensation payment to the victim for sexual assault inside a hotel elevator during a 2013 event. Overturning his 2021 trial court acquittal, the High Court cited witness corroboration and Tejpal's post-incident apology emails as key evidence. The court noted that lack of CCTV inside an elevator cannot be used as a loophole to let perpetrators escape justice.