health

പത്തുവര്‍ഷം നീണ്ട പിണറായി സര്‍ക്കാര്‍ ഭരണകാലത്ത് ആരോഗ്യമേഖല കണ്ടത്  സമാനതകളില്ലാതെ തുടരുന്ന  വീഴ്ചകള്‍. മിക്ക കേസുകളിലും വഴിപാടുപോലെ അന്വേഷണവും റിപ്പോര്‍ട്ട് തേടലുമല്ലാതെ  ഇരകള്‍ക്ക് നീതി കിട്ടിയിട്ടില്ല. സിസ്റ്റത്തെ പഴിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  കൈകഴുകുന്നതും പതിവ് കാഴ്ച.

ആവര്‍ത്തിക്കുന്ന വീഴ്ചകളിലെല്ലാം നിലവിലെ  ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകളുടെ കണക്കുകളാണ്. കോഴിക്കോട് താമരശേരി സ്വദേശിനി  ഹര്‍ഷീനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്സ്  മറന്നുവച്ചത് 2017ല്‍ , കെ കെ ശൈലജയുടെ കാലത്ത്. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവശസ്ത്രക്രിയയ്ക്കിടെ.കണ്ടെത്തിയത് അഞ്ച് വര്‍ഷത്തെ വേദനയ്ക് ഒടുവില്‍...ഹര്‍ഷീനയുടെ ദുരിതം ഇന്നും തുടരുന്നു. 

തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി  സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത് 2023ല്‍.   ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയിൽ . ഇന്നും നെഞ്ചിനുളളില്‍ ഗൈഡ് വയറുമായി സുമയ്യയുടെ ജീവിതം. മാനന്തവാടി എടവക സ്വദേശിയായ ദേവിയുടെ ദുരിതം പുറത്തു വന്നത് ജനുവരിയില്‍. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തെടുത്തില്ല. 75 ദിവസത്തിന് ശേഷം തുണി തനിയെ പുറത്ത് വന്നു.  ഇതേ മാനന്തവാടി െമഡിക്കൽ കോളജില്‍ തന്നെ    വേരിക്കോസ് വെയിൻ രോഗത്തിനുള്ള ചികിത്സയ്ക്കിടെ വലതുകാലിലെ ഞരമ്പിനു പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതോടെ പേരിയ സ്വദേശി ഹാഷിമിനു നഷ്ടമായത് ഡ്രൈവർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ 17–ാം റാങ്ക് നേടിയതോടെ ഉറപ്പായ സർക്കാർ ജോലി മാത്രമല്ല, ചലനശേഷി കൂടിയാണ്. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അപാകതയെത്തുടർന്ന്, ഇതേ ആശുപത്രിയിലെ ജീവനക്കാരനും എടവക സ്വദേശിയുമായ ഗിരീഷിനു വൃഷണം മുറിച്ചുകളയേണ്ട അവസ്ഥയുണ്ടായതായും ആരോപണം . കോന്നി മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്ററിട്ട വിദ്യാര്‍ഥിയുടെ കൈ വളഞ്ഞെന്ന് പരാതി.കോന്നി സ്വദേശി 14വയസുള്ള തന്‍സീന്‍റെ കയ്യാണ് വളഞ്ഞത്. കളിക്കുന്നതിനിടെ  നാലാം ക്ലാസ് വിദ്യാർഥിയായ   വിനോദിനിക്കു വീണു പരുക്കേൽക്കുകയും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തിരുന്നു. എന്നാൽ മുറിവു വൃത്തിയാക്കി കെട്ടുന്നതിൽ വീഴ്ചവന്നതിനെ തുടർന്നു പഴുപ്പു കൂടുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു വലതുകൈ മുറിച്ചുമാറ്റുകയും ചെയ്തു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കാതിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ഇടപെട്ടാണ് കൃത്രിമക്കൈ പിടിപ്പിച്ചത്. ഏറ്റവുമൊടുവില്‍ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്സ് കുടുങ്ങി ദുരിതം പേറുന്ന ഉഷയുടെ കാഴ്ച....​

ENGLISH SUMMARY:

Kerala health sector failures are a significant concern, with numerous instances of medical negligence and surgical errors occurring under the Pinarayi Vijayan government. Patients have suffered due to avoidable mistakes, and accountability remains elusive.