ശബരിമല സ്വർണക്കൊള്ളയിൽ തിരിച്ചടികൾക്ക് പിന്നാലെ എസ്ഐടി അന്വേഷണം വഴിമുട്ടി. നഷ്ടമായ സ്വർണത്തിന്റെ അളവും തൊണ്ടി മുതലും ഉൾപ്പടെയുള്ള പ്രധാന ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനാവാത്തതും സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുമെന്നതുമാണ് എസ്ഐ ടിയെ നോക്കുകുത്തിയാക്കുന്നത്. ഇതോടെ അറസ്റ്റും ചോദ്യം ചെയ്യലും ഉൾപ്പടെയുള്ള നീക്കങ്ങൾ നിലച്ചിരിക്കുകയാണ്.
മൂന്ന് പേർക്ക് കൂടി സ്വർണ്ണ കൊള്ളയിൽ പങ്കെന്ന് ഉറപ്പിച്ചതായി ഹൈക്കോടതിയിൽ അറിയിച്ചെങ്കിലും ഇവരെ ഇതുവരെ പിടികൂടിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൻറെ അടിസ്ഥാനത്തിൽ ആന്റോ ആൻറണി എംപി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും അതും നിലച്ചിരിക്കുകയാണ്.
തന്ത്രി രാജീവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളില്ലന്ന് കോടതി പറഞ്ഞതോടെ നിലവിലുള്ള തെളിവുകളുമായി കുറ്റപത്രം തയ്യാറാക്കിയാൽ പല പ്രതികളും രക്ഷപ്പെടുമെന്ന ആശങ്കയും എസ്ഐടിക്കുണ്ട്. അതിനിടെ തന്ത്രിക്ക് ജാമ്യം നൽകിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും നീക്കം തുടങ്ങി. ജാമ്യ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇത് പരിശോധിച്ച് ശേഷം ആയിരിക്കും അപ്പോൾ നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് എവിടേക്ക് അയച്ചുവെന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സ്വർണ്ണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസിലാണ് എസ്.ഐ.ടി വിവരം അറിയിക്കുക. ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.