ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണ സംഘത്തിന് തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന്  കൊല്ലം വിജിലന്‍സ് കോടതി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതല. ബോര്‍ഡിന്‍റെ തീരുമാനങ്ങളെ മറികടക്കാന്‍ തന്ത്രിക്ക് കഴിയില്ലെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി.

നിരവധി ആരോപണങ്ങള്‍ അന്വേഷണസംഘം മുന്നോട്ട് വച്ചു. പക്ഷേ ഇതൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. പോറ്റിയും തന്ത്രിയും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും ഗൂഢാലോചന ഇവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും എസ്ഐടി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.

ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്തം. അറ്റകുറ്റപ്പണികളും ദേവസ്വം ബോര്‍ഡിന്‍റെ ചുമതലയാണ്. ഇത് നടക്കുമ്പോള്‍ അനുജ്ഞ നല്‍കുക മാത്രമാണ് തന്ത്രിയുടെ ചുമതല. എങ്ങനെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നുള്ളത് ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാം. പൂജകള്‍ ഉള്‍പ്പടെയുള്ള താന്ത്രികമായ കാര്യങ്ങളില്‍ വീഴ്ച വന്നാലാണ് തന്ത്രിക്ക് ഉത്തരവാദിത്തമുള്ളത്. ഇവിടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നത്. ദേവസ്വം ബോര്‍ഡിന് ചുമതലക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയുണ്ട്. ഇക്കാര്യം ദേവസ്വം മാന്വലിലും കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശബരിമലയില്‍ പിതാവിന്‍റെ സ്ഥാനത്താണ് തന്ത്രിയുള്ളതെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി വിശദീകരിക്കുന്നു. ആരോഗ്യപരമായ അവസ്ഥയും മതപരമായ നിര്‍വഹിക്കേണ്ട ചുമതലകളും കണക്കിലെടുത്താണ്  തന്ത്രി കണ്ഠര് രാജീവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY:

The Kollam Vigilance Court has granted bail to Sabarimala Thantri Kandararu Rajeevaru in the controversial gold theft case, citing a lack of evidence. The court observed that the Special Investigation Team (SIT) failed to prove any conspiracy between the Thantri and other accused individuals. According to the Devaswom Manual, the Thantri's responsibilities are limited to tantric rituals and religious ceremonies, while maintenance work falls under the Travancore Devaswom Board's jurisdiction. The judge noted that the Thantri only provides ritualistic permission for repairs and cannot override the Board's administrative decisions. Rajeevaru was granted bail considering his health condition and his essential role in upcoming religious duties at the hill shrine. The court emphasized that the Thantri holds a father-like position at Sabarimala and cannot be held accountable for administrative lapses.