കേരളത്തിൽ റമസാൻ വ്രതാരംഭത്തിന് തുടക്കമായി . ഇനി ഒരുമാസക്കാലം വിശ്വാസികൾക്ക് വ്രതപുണ്യങ്ങളുടെ നാളുകളാണ്. കഴിഞ്ഞ ദിവസം മാസ പിറവി ദ്യശ്യമാകാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റമസാന്‍ ഇന്ന് ആരംഭിച്ചത്.
ഒരുമാസം പൂര്‍ണമായും ദൈവ ചിന്തയില്‍ സമര്‍പ്പിച്ച് ഭാവി ജീവിതത്തെ മഹത്വമുള്ളതാക്കാനുള്ള അവസരം കൂടിയാണ് റമസാന്‍. വിശപ്പിന്‍റെ കാഠിന്യവും ഭക്ഷണത്തിന്‍റെ വിലയും തിരിച്ചറിയുന്നതിനൊപ്പം പരസ്പര സ്നേഹവും ഐക്യവും വിളിച്ചൊതുന്നു നോമ്പ് കാലം .പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴുകും. പുണ്യകര്‍മങ്ങളുടെ മാസം കൂടിയായതിനാല്‍ ദാനധര്‍മങ്ങള്‍ ചെയ്തും സക്കാത്ത് നല്‍കിയും സമ്പത്ത് ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണിത്. സാഹോദര്യത്തിന്‍റെയും മതസൗഹാര്‍ദത്തിന്‍റെയും നിമിഷങ്ങള്‍ സമ്മാനിച്ച് നാടെങ്ങും ഇഫ്താര്‍ സംഘമങ്ങള്‍ നടക്കും.റമസാനിലെ ആദ്യപത്തിലും രണ്ടാം പത്തിലും അവസാനപത്തിലും പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥനകളും ഉണ്ടാകും.
ഒമാനിലും ഇന്നാണ് റമസാന്‍ മാസം തുടങ്ങിയത്.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ വ്രതം ഇന്നലെ ആരംഭിച്ചു.