ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒപി, അധ്യാപന ബഹിഷ്കരണം തുടരന്നു. അടിയന്തരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി. സര്‍ക്കാറിന്‍റെ ഉറപ്പ് ജലരേഖയായി മാറിയെന്ന് കെജിഎംസിടിഎ നേതാക്കള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ര്‍മാര്‍ വിട്ടുനില്‍ക്കുന്നത്. ഇതോടെ ശസ്ത്രക്രിയ തിയതിക്കായി കാത്തിരുന്ന രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒപിയിലെത്തിയ രോഗികള്‍ നന്നേവലഞ്ഞു. പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒപിയില്‍ രോഗികളെ പരിശോധിച്ചത്. 

ഡോക്ടര്‍മാരുടെ സമരം കാരണം വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങി. മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ ശമ്പളകുടിശിക നല്‍കുന്നതില്‍ തടസമില്ലെന്ന് നിയമവകുപ്പില്‍ നിന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നടപടിയെടുക്കുന്നില്ലെന്ന് കെജിഎംസിടിഎ ആരോപിച്ചു. കാഷ്വല്‍ലിറ്റി, ലേബര്‍ റൂം, ഐസിയു അടക്കമുള്ളവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 26 മുതല്‍ എല്ലാ പരീക്ഷാജോലികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം