നടിയെ ആക്രമിച്ച കേസുണ്ടായി ഒമ്പത് വർഷമാകുമ്പോൾ അതിജീവിത സംഭവദിവസം തന്നെ പരാതി നൽകിയതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് ഒത്തുചേർന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും നടന്ന പരിപാടികളിൽ  അവൾക്കൊപ്പമെന്ന് ഉറക്കെ പറഞ്ഞ് സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും മെഴുകുതിരി തെളിയിച്ചു. 

ആക്രമിക്കപ്പെടുന്നവർ ഇരകളല്ല അതിജീവിതകളാണ് എന്ന് ആവർത്തിച്ചാണ് WCC അവൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചത്.  തിരുവനന്തപുരം മാനവീയം വീഥിയില ചലചിത്ര പ്രവര്‍ത്തകരായ ബീനാ പോള്‍, ഭാഗ്യലക്ഷ്മി  തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഐക്യദാര്‍ഢ്യവുമായി എത്തി. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ  ആരോപണം ഉന്നയിച്ച സംവിധായിക ആശ ആച്ചി ജോസഫിനും കൂട്ടായ്മയില്‍ ഐക്യദാര്‍ഢ്യം ഉയര്‍ന്നു. പലതവണ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആശയുടെ ആരോപണം അതീവ ഗുരുതരമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

കൊച്ചിയിൽ നടന്ന പരിപാടിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്ത് സയനോര ഗിറ്റാർ വായിച്ചു.  ജോളി ചിറയത്ത്, ആശ ആച്ചി ജോസഫ്, ശീതൾ ശ്യാം തുടങ്ങിയവർ മെഴുകുതിരി തെളിയിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഇപ്പോഴും നിസ്സാരവൽക്കരിക്കുകയാണെന്ന് ജോളി ചിറയത്ത്.  കോഴിക്കോട്ട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജിലായിരുന്നു പരിപാടി.

ENGLISH SUMMARY:

The Women in Cinema Collective (WCC) held events to remember the 9th anniversary of the actress assault case, emphasizing the importance of the survivor filing a complaint on the same day. These gatherings, held in Thiruvananthapuram, Kochi, and Kozhikode, saw colleagues and social activists light candles, expressing solidarity with the survivor and reiterating that victims are survivors, not just victims.