സംവിധായകൻ രഞ്ജിത്തിന്റെ പീഡന പരാതിയിൽ വിമർശനവുമായി ഡബ്ള്യുസിസി. ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് ഡബ്ല്യുസിസി സമൂഹ മാധ്യമത്തിൽ കുറിച്ചു. പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്നാണ് കുറ്റവാളികൾക്ക് വീണ്ടും ധൈര്യം ഉണ്ടാകുന്നതെന്നും ഡബ്ല്യുസിസി വിമർശിച്ചു.
ആരെയും കാത്തു നിൽക്കാതെ പൊലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തെ ഡബ്ള്യുസിസി അഭിനന്ദിച്ചു. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? തുടങ്ങിയ ചോദ്യങ്ങളും ഡബ്ള്യുസിസി ഉയർത്തുന്നു.
ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം IC അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയാം. ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. എന്നാൽ അവയൊക്കെ ഇന്നും രേഖകളിൽ മാത്രമാണുള്ളത്.
IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്. അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും.
ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല, സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട് എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.