രാഷ്ട്രീയത്തിലുള്‍പ്പെടെ കനത്ത സ്വാധീനമുള്ള ഇടത് സഹയാത്രികന്‍. രണ്ടു തവണ ലൈംഗികപീഡന പരാതി വന്നപ്പോഴും രക്ഷപ്പെട്ടു. ഇത്തവണ വിവരം പുറത്തുപോകാതെ പിടികൂടണമെന്ന് തീരുമാനിച്ചുറപ്പിച്ച് കേരള പൊലീസ്. തിരഞ്ഞെടുപ്പ് കാലത്ത് ഇനിയൊരു വിവാദം കൂടി വന്നാല്‍ അത് സര്‍ക്കാറിന് വലിയ തിരിച്ചടിയായേക്കുമെന്ന ബോധ്യത്തില്‍ അതീവരഹസ്യമായുള്ള നീക്കമായിരുന്നു സംവിധായകന്‍ ര‍ഞ്ജിത്തിനെതിരായ പരാതിയില്‍ കൈക്കൊണ്ടത്. Also Read: ‘കരള്‍ മാറ്റിവച്ചതാണ്, നട്ടെല്ലിന് സര്‍ജറി കഴിഞ്ഞതാണ്...’ രഞ്ജിത്തിന്‍റെ വാദങ്ങള്‍


രണ്ടുദിവസം മുന്‍പാണ്  എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവനടി പീഡനപരാതി നല്‍കിയത്. വലിയ പ്രൊഡക്ഷന്‍ ബാനറില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് പീഡനശ്രമം നടന്നതെന്ന് നടി പറയുന്നു. കാരവനില്‍വച്ച് ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് കേസ്. മാനഭംഗം, അശ്ലീലം കാണിക്കല്‍, ലൈംഗികാതിക്രമം, തട‍ഞ്ഞുവയക്കല്‍ എന്നീ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

അന്ന് ലോക്കേഷനില്‍ നടന്ന സംഭവം എല്ലാവരും അറിഞ്ഞെങ്കിലും തനിക്ക് നീതി കിട്ടിയില്ലെന്ന് നടി പറയുന്നു. പിന്നാലെ കടുത്ത ട്രോമയിലേക്ക് വീണു, നിരന്തരം കൗണ്‍സിലിങ് നടത്തി, ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കാനുളള മാനസികാവസ്ഥ കൈവന്നത്. ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന  എസ്ഐടിക്കും പരാതി നല്‍കി. 

ഉടന്‍ തന്നെ രഞ്ജിത്തിനെ നിരീക്ഷിക്കാന്‍ ഉന്നത പൊലീസ് നിര്‍ദേശം. രണ്ടു ദിവസം കോട്ടയത്തും എറണാകുളത്തും പ്രത്യേക സംഘം പിന്തുടര്‍ന്നു. ഇതിനിടെ കേരള പൊലീസിന്റെ നീക്കം രഞ്ജിത് അറിഞ്ഞു. വിവരം പുറത്തുപോകാതെ പിന്നാലെപോയി പിടികൂടാന്‍ ഐജി നിര്‍ദേശിച്ചു. നടന്‍റെയും മറ്റ് സിനിമാ സുഹൃത്തുക്കളുടേയും ഒപ്പം ഇടുക്കിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രഞ്ജിത് പിടിയിലായി. ഇവരുടെ വാഹനത്തിന് കുറുകെ പൊലീസ് വണ്ടിനിര്‍ത്തി തടഞ്ഞാണ് സംവിധായകനെ പിടികൂടിയത്. 

തൊടുപുഴ പൊലീസ് സ്റ്റേഷനില്‍വച്ച് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തു. ‘ആ നടി എന്തിനെന്നോടിങ്ങനെ ചെയ്യുന്നു’വെന്നായിരുന്നു രഞ്ജിതിന്റെ തിരിച്ചുള്ള ചോദ്യം. നിരന്തരം തന്നോട് പകയോട് കൂടി പെരുമാറുന്നുവെന്നായിരുന്നു രഞ്ജിത് പൊലീസിനോട് പറഞ്ഞത്. നേരത്തേയും രണ്ടു പരാതികള്‍ രഞ്ജിത്തിനെതിരെ വന്നിട്ടുണ്ട്. ബംഗാളി നടിയും ട്രാന്‍സ്ജെന്‍ഡര്‍ യുവാവും നല്‍കിയ പരാതിയില്‍ അന്ന് രക്ഷപ്പെട്ടു. ഒടുവില്‍ മൂന്നാമത്തെ പരാതിയില്‍ അറസ്റ്റിലായി, റിമാന്‍ഡിലായി, സബ് ജയിലിലേക്ക്. 

Director Ranjith Arrested Amidst Sexual Assault Allegations:

Director Ranjith has been arrested following a sexual assault complaint filed by a young actress. The incident allegedly occurred on the set of a film, leading to charges including rape and sexual assault.