വയനാട് പുത്തുമല ടൗണ്‍ഷിപ്പില്‍ ദുരന്ത ബാധിതരുടെ പ്രതിഷേധം. ശോച്യാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി പോലും നടത്താതെ പുനരധിവാസ ഭൂമി മറ്റൊരു ഭവന പദ്ധതിക്ക് വേണ്ടി മാറ്റുന്നതിലാണ് എതിര്‍പ്പ്. പ്രദേശത്ത് മണ്ണ് നീക്കാന്‍ എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.

പുത്തുമല ഉരുള്‍ ദുരന്തബാധിതരുടെ മേപ്പാടി പൂത്തക്കൊല്ലിയിലെ ടൗണ്‍ഷിപ്പിലാണ് പ്രതിഷേധം. സ്വകാര്യ ട്രസ്റ്റ് നല്‍കിയ ഏഴ് ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച 50 വീടുകളാണ് ഇവിടെയുള്ളത്. വീടുകളുടെ മേല്‍ക്കൂര പലതും തകര്‍ന്നു. ഭിത്തിയില്‍ വിള്ളല്‍ വീണു. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച അംഗന്‍വാടിയും മറ്റ് സൗകര്യങ്ങളും നടപ്പായില്ല. ബാക്കിയുള്ള മൂന്നേക്കര്‍ സ്ഥലം ഇപ്പോള്‍ അതിദാരിദ്ര്യ മുക്ത പദ്ധതിക്കായി മാറ്റാനുള്ള നീക്കത്തിലാണ് പ്രതിഷേധം. പ്രദേശത്തെ മണ്ണെടുപ്പിനായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.

വീടുകളുടെ അശാസ്ത്രീയ നിര്‍മാണത്തെ കുറിച്ച് അഞ്ച് വര്‍ഷം മുന്‍പേ പരാതികള്‍ ഉയര്‍ന്നിരുന്നു. ദുരന്ത ബാധിതരെ പരിഗണിച്ച ശേഷം മതി ടൗണ്‍ഷിപ്പിലെ മറ്റ് നിര്‍മാണങ്ങള്‍ എന്നാണ് ഇവരുടെ നിലപാട്. പദ്ധതിയുമായി ജില്ലാഭരണകൂടം മുന്നോട്ടുപോയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Puthumala protest erupts as disaster victims express anger over rehabilitation land being diverted for another housing project instead of repairing their damaged homes. Local residents have blocked lorries attempting to remove soil from the area, highlighting their grievances.