ബാര്‍സമയം കൂട്ടിയതില്‍ വിചിത്ര വിശദീകരണവുമായി എക്സൈസ് മന്ത്രി. ബാര്‍ സമയം ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചതെന്ന് വാദവുമായി മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തീരുമാനം പിന്‍വലിക്കണമെന്ന് കെസിപിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ക്രൈസ്തവ സഭകളും രംഗത്തെത്തി.   ബാറുകളുടെ സമയമാറ്റത്തില്‍ ഫയല്‍നീക്കം അതിവേഗത്തിലായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നത് സര്‍ക്കാരിന് ക്ഷീണമായി.

പി.എം ശ്രീയെ പോലെ മുന്നണിയേയും മന്ത്രിസഭയേയും ഇരുട്ടില്‍ നിര്‍ത്തിയാണ് ബാറുകളുടെ സമയമാറ്റത്തിലെ തീരുമാനവും.  അതേ സമയം തീരുമാനത്തെ ന്യായീകരിക്കുകയാണ് എക്സൈസ് മന്ത്രി.  ബാര്‍ സമയം ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചതെന്ന് മന്ത്രി  എം.ബി.രാജേഷ് വിശദീകരിച്ചു . ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തേമുതലുള്ള സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് തീരുമാനമെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.  സമയമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി കെസിപിസിസി അധ്യക്ഷനും  രംഗത്തെത്തി. തീരുമാനത്തില്‍ ക്രൈസ്കവ സഭകള്‍ കടുത്ത അമര്‍ഷം അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ചങ്ങനാശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു

ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിച്ച സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് ഡീലാണോ എന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചോദിച്ചു.  ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതുവഴി ബാറിൽ കിടന്ന് ഉറങ്ങണമെന്നാണോ സർക്കാർ പറയുന്നതെന്നായിരുന്നു ഓർത്തഡോക്സ് സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍റെ ചോദ്യം. മുന്നണിയും മന്ത്രിസഭയും അറിയാതെയുള്ള  സമയമാറ്റത്തിന്‍റെ ഫയല്‍നീക്ക അടിമുടി ദുരൂഹമാണ്. ഫയല്‍ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് നല‍്കുന്നത് ജനുവരി 29നാണ് . 31ന് അനുകൂല തീരുമാനമെടുത്ത് ഫയല്‍ മുഖ്യമന്ത്രി മടക്കിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബാറുടമകളുടെ ആവശ്യപ്രകാരമാണ് ഫയല്‍നീക്കമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. 

ENGLISH SUMMARY:

The Kerala excise minister has offered an unusual explanation for the bar timing extension, stating it was a consolidation of existing timings rather than an increase. This decision has faced significant criticism from the opposition and various Christian churches.