തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിർദേശം നൽകി. മുൻപ് മറ്റൊരു പ്രസവശസ്ത്രക്രിയയിലെ പിഴവിൽ അന്വേഷണം നേരിടുന്ന ഡോ. ബിന്ദു സുന്ദറാണ് നിരഞ്ജനയെയും ശസ്ത്രക്രിയ ചെയ്തത്. ഇതോടെ ആശുപത്രിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് പ്രസവശസ്ത്രക്രിയയിൽ വീഴ്ചയെന്ന ആരോപണം ഉയരുന്നത്. രണ്ടിലും ആരോപണവിധേയയായ ഡോക്ടർ ഒരാൾ തന്നെയാണ്—ഡോ. ബിന്ദു സുന്ദർ. ഇത്തവണ വീഴ്ചയുടെ വില ഒരു കുഞ്ഞിന്റെ ജീവനായിരുന്നു. ഡോക്ടറുടെ പിഴവാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡോ. ബിന്ദു ഇതിനുമുമ്പ് നടത്തിയ ശസ്ത്രക്രിയയിൽ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുതിയ പരാതി ഉയരുന്നത്. ഇതോടെ കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ആശുപത്രി സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും തടഞ്ഞുവെക്കുകയും ചെയ്തു.
നെടുമങ്ങാട് എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ. അനിലും വിഷയത്തിൽ ഇടപെട്ടു. ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചത്.