ക്ലീന്‍ ഗ്രീന്‍ പാനുണ്ട.. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ പാനുണ്ട എന്ന ഗ്രാമത്തില്‍ ഒരു വ്യക്തിയില്‍ നിന്ന് ഒരു ജനകീയ കൂട്ടായ്‍മയായി രൂപാന്തരപ്പെട്ട ആശയം. ഇതിനു കീഴില്‍ പാനുണ്ടയിലെ ഓരോ മുക്കുംമൂലയും മാലിന്യമുക്തമാക്കാന്‍ സ്കൂള്‍ കുട്ടികളും പ്രായമുള്ളവരും ഒരേ മനസോടെ പ്രയത്നിക്കുകയാണ്.

പാനുണ്ടയിലെ പ്രായം തളര്‍‍ത്താത്ത പോരാളി... എണ്‍പതുകാരി സരോജിനി. സരോജിനിയ്ക്കൊപ്പം ഒരു നാട് തന്നെയുണ്ട്. ഇളംതലമുറയിലെ ഏറ്റവും പ്രായംകുറഞ്ഞ നാലുവയസുകാരി ജിനോമിയ വരെ അതില്‍ അംഗം. ഇവരെല്ലാം ചേര്‍ന്നാണ് പാനുണ്ടയെ പൊന്നുപോലെ കാക്കുന്നത്. തെരുവ് ചന്തമുള്ളതാക്കിയത്. മാലിന്യം കോരിയത്. ഞായറാഴ്ച വെളുപ്പാന്‍കാലം തൊട്ടേ പാനുണ്ട സജീവമാകും. പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത ഉല്‍സാഹം. ചായയും പലഹാരവും. അവര്‍ക്കായി പ്രോല്‍സാഹന സമ്മാനങ്ങളും.

ഏഴുവര്‍ഷം മുമ്പ് ജിതീഷ് പാനുണ്ടയെന്ന വ്യക്തിയുടെ ഒറ്റയാള്‍ പ്രയത്നമാണ് ഇതിനെല്ലാം പിന്നില്‍. അന്ന് കാടുവെട്ടിത്തെളിച്ചും റോഡിലെ കുഴികള്‍ നികത്തിയുമുള്ള പ്രവര്‍ത്തനം നാടേറ്റെടുത്തു. ഇന്ന് സംഘത്തില്‍ 150ലേറെ പേര്‍. ക്ലീന്‍ ഗ്രീന്‍ പാനുണ്ട എന്ന മുദ്രാവാക്യം ഇന്നൊരു വികാരമാണ്. പാനുണ്ടക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് ക്ലീന്‍ ഗ്രീന്‍ പാനുണ്ട മുന്നോട്ടുകുതിയ്ക്കുന്നത്.

ENGLISH SUMMARY:

Clean Green Panunda is a remarkable initiative born from one individual's vision in Kerala's Panunda village, transforming into a widespread community effort. This movement unites everyone, from schoolchildren to the elderly, in a dedicated mission to make every nook and cranny of Panunda free from waste.