ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക.  ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.  പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.

2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റിസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒൻപതംഗ ബെഞ്ച് ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് നിലപാട് അറിയിക്കേണ്ടി വരും. ശബരിമലയ്ക്കുപുറമെ മുസ്‍‌ലിം, പാഴ്സി മതങ്ങളിലെ സ്ത്രീകളുടെ മതാവകാശങ്ങൾ, വിശ്വാസ പ്രശ്നങ്ങളിൽ കോടതിക്ക് ഏത് അളവു വരെ ഇടപെടാം തുടങ്ങിയ ചോദ്യങ്ങളിലും 9 അംഗ ബെഞ്ച് തീരുമാനമെടുക്കണം. ഒന്‍പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.

അതേസമയം, യുവതീപ്രവേശനത്തെ അനുകൂലിച്ച മുന്‍നിലപാട് എങ്ങനെ തിരുത്തുമെന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിനെ വിഷമസന്ധിയിലാക്കുന്നത്. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചശേഷം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം പിണറായി വിജയന്‍ സര്‍ക്കാരിന് കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ല. പുരോഗമ പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഓടിയൊളിക്കാനും പറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രീംകോടതിയി‌ലെ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.എന്നാല്‍ ഇന്ന് സുപ്രിംകോടതിയുടെ മൂന്നംഗബഞ്ച് യുവതീപ്രവേശനം പരിഗണിക്കുമ്പോള്‍ നിലപാട് പറയേണ്ടതില്ലെന്ന് സര്‍ക്കാരിന് ആശ്വസിക്കാം. എന്നാല്‍ ഇനിവരാന്‍ പോകുന്ന ഒന്‍പതംഗ ബഞ്ച് കേസ് പരിഗണിമ്പോള്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കേണ്ടിവരും. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അത് വേണ്ടിവരും.

2007 ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരാണ് ശബരിമല യുവതീപ്രവേശനമാകാമെന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്തത്. 2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് തിരുത്തി. 2016 നവംബറില്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുമ്പോഴാണ് യുവതീപ്രവേശനം അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. 2017 ല്‍ വാദം കേള്‍ക്കുമ്പോഴും സ്വാഭാവികമായും ഈ നിലപാട് തുടര്‍ന്നു. അല്‍പം പുരോഗമനം കുറഞ്ഞാലും എന്‍.എസ്.എസ് പ്രതീക്ഷിക്കുന്നതുപോലെ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് സൂചനകള്‍.

ENGLISH SUMMARY:

The Supreme Court of India is hearing 67 review petitions today, February 16, 2026, challenging the 2018 verdict that allowed women of all ages into the Sabarimala temple. A three-judge bench led by Chief Justice Surya Kant is expected to announce the formation of a new nine-judge Constitution Bench. This becomes necessary as most judges from the previous 2019 bench have retired. The court will address critical constitutional questions regarding religious freedom, gender equality, and essential religious practices. The Kerala government, under Chief Minister Pinarayi Vijayan, faces a political challenge as Assembly elections approach. While the LDF initially supported women's entry, recent statements by CPM leaders hint at a more cautious, consensus-driven stand to protect believers' interests. The outcome of today's hearing will set the timeline for a final decision on this sensitive issue. Stay tuned for live updates from the Supreme Court on the Sabarimala case.