നാലു കുരുന്നുകൾക്ക് പുതുജീവനേകി കടന്നു പോയ ആലിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് ആറുമണിയോടെയാണ് മുഖ്യമന്ത്രി ആലിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. കോഴിക്കോട് പുതുതായി തുടങ്ങുന്ന അവയവദാന ഇൻസ്റ്റിറ്റ്യൂഷന് ആലിന്റെ പേര് നൽകുന്നത് പരിഗണനയിൽ ആണെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജ്, മാത്യു ടി തോമസ് എംഎൽഎ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്. അമ്മ ഷെറിനെയും അച്ഛൻ അരുണിനെയും മുത്തച്ഛൻ റെജിയെയും ആശ്വസിപ്പിച്ചു. 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കോഴിക്കോട്ടെ അവയവദാന ഇൻസ്റ്റിറ്റ്യൂഷന് ആലിന്റെ പേര് നൽകണമെന്ന് വീട്ടിലെത്തിയ സ്വകാര്യ സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.
നാമകരണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. അതേസമയം ആലിനിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നതായി മുത്തച്ഛൻ റെജി ചൂണ്ടിക്കാട്ടി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സഭാ ആസ്ഥാനത്ത് നേരിട്ടെത്തി പിറന്നാളാശംസകൾ നേർന്നശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.