ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകനാക്കിയത് തിരുത്തിയിട്ടും സര്‍ക്കാര്‍ അഭിഭാഷക നിയമനപട്ടികയില്‍ വിവാദം തുടരുന്നു. സി.പി.ഐ ലോക്കല്‍ കമ്മിറ്റിയംഗവും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്ളീഡറാക്കിയ അഭിഭാഷകയും പട്ടികയില്‍ ഇടംപിടിച്ചതാണ് പുതിയ വിവാദം. ലോക്കല്‍ കമ്മിറ്റിയംഗമായ പി.ദീപ്തിയുടെ രാജി പാര്‍ട്ടി എഴുതിവാങ്ങി. അതിനിടെ വിവാദങ്ങള്‍ക്ക് പിന്നാലെ ഇനിയുള്ള നിയമനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ശബരിമലയിലെ സ്വര്‍ണം ഉരുക്കിയെടുത്ത് അടിച്ചുമാറ്റിയതായി കണ്ടെത്തിയ ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സിന്‍റെ അഭിഭാഷകന്‍ കെ.ബി.പ്രദീപിനെ ദേവസ്വം ബോര്‍ഡിന്‍റെ സ്പെഷല്‍ പ്ളീഡറാക്കിയത് വന്‍ തിരിച്ചടിയാണ് സര്‍ക്കാരിന് നല്‍കിയത്. നിയമനം നടത്തിയ മുഖ്യമന്ത്രി തന്നെ രാജി ചോദിച്ച് വാങ്ങി വിവാദത്തില്‍ നിന്ന് തലയൂരിയെങ്കിലും പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ തുടരുകയാണ്. സി.പി.ഐ തൃപ്പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയംഗം പി.ദീപ്തിയെയും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പ്ളീഡറായിരുന്ന പൂജ സുരേന്ദ്രനെയും നിയമിച്ചതാണ് പിന്നീട് ഉയര്‍ന്ന വിവാദങ്ങള്‍.

ദീപ്തിയുടെ രാജി സി.പി.ഐ ചോദിച്ച് വാങ്ങി. എങ്കിലും ഇടത് പശ്ചാത്തലമുള്ളവരെയും ഹൈക്കോടതിയില്‍ കുറേ വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. അതിനിടെ നിയമനങ്ങളില്‍ കൈപൊള്ളിയതോടെ ഇനിയുള്ളതെല്ലാം പലവട്ടം ആലോചിച്ചിട്ട് മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഹൈക്കോടതിയില്‍ 133 പേരെയാണ് നിയമിക്കേണ്ടത്. നിലവില്‍ 90 പേരെ നിയമിച്ചു. ഇനിയുള്ള 43 പേരെ നിയമിക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സൂക്ഷമ പരിശോധന നടത്താനാണ് തീരുമാനം.

സ്വര്‍ണക്കൊള്ളയിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതില്‍ ദുരൂഹതയെന്നും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്നും  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. പ്ലീഡറായിരുന്ന ദിവസം നിര്‍ണായകരേഖകള്‍ പ്രദീപ് കണ്ടോയെന്ന് അന്വേഷിക്കണമെന്നും സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ അണിയറ നീക്കമെന്ന് സംശയിക്കുന്നുവെന്നും പിണറായി പറഞ്ഞു.‌

ENGLISH SUMMARY:

The controversy surrounding the appointment of government pleaders to the Kerala High Court continues to brew despite recent administrative rectifications by the state government. The latest political dispute emerged following the inclusion of CPI local committee member P. Deepti and former government pleader Pooja Surendran in the official appointment list. Under intense pressure from the party leadership, Deepti subsequently tendered her resignation from her organizational post to mitigate further political damage. This fresh wave of unrest closely follows the massive embarrassment faced by the administration after KB Pradeep, a defense counsel in the Sabarimala gold theft case, was briefly appointed as the Devaswom special pleader. In light of these consecutive oversights, the Chief Minister has issued strict directives to the Advocate General and the Director General of Prosecution to conduct rigorous multi-layered screenings for the remaining forty-three vacant posts. Meanwhile, the political atmosphere remains highly charged as Opposition Leader Pinarayi Vijayan demanded a comprehensive probe into whether the controversial defense lawyer accessed sensitive case files during his brief tenure.