അദാനി ഗ്രൂപ്പ് സ്പോൺസർഷിപ്പായി ഒരു കോടി രൂപ നൽകിയാലും ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ നഷ്ടത്തിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കരകയറാനാവില്ല. അവശേഷിക്കുന്ന രണ്ട് കോടി നാൽപ്പത്തി അഞ്ച് ലക്ഷം രൂപയുടെ ബാധ്യത പരിഹരിക്കാൻ മറ്റ് വഴികൾ തേടേണ്ടി വരും. മാനദണ്ഡങ്ങൾ പാലിക്കാതെ പത്ത് ശതമാനം അധിക തുക കൂട്ടി നൽകി ഊരാളുങ്കലിന് കീഴിലുള്ള സ്ഥാപനത്തിന് സംഗമത്തിന്റെ നടത്തിപ്പ് ചുമതല നൽകിയതിനൊപ്പം കട്ടിലും, കിടക്കയും, മേശവിരിയും ഉൾപ്പെടെ കൊണ്ടുവന്നതിനും തിരികെ കൊടുത്തതുമെല്ലാം വായുവിൽ എഴുതിക്കൂട്ടിയത് പോലെയാണ്. ഉപകരാർ കൊടുത്ത കമ്പനിക്ക് നൽകിയ തുകയിലും ലക്ഷങ്ങളുടെ വ്യത്യാസമുണ്ട്.
പകൽസമയത്തെ സംഗമത്തിനായി വാങ്ങിക്കൂട്ടിയ 150 കിടക്കയിൽ 50 എണ്ണം ഒരു രേഖയിലുമില്ല. ആരും കിടക്കാൻ ഉപയോഗിച്ചതായി അറിവില്ലെങ്കിലും ഇതുവരെ ബോർഡിന്‍റെ ആസ്തിയായിട്ടില്ല. തടി കൊണ്ടുള്ള മേശ 19 എണ്ണം വാങ്ങിയതായി കാണുന്നുണ്ടെങ്കിലും കണക്കിലുള്ളത് നാലെണ്ണം മാത്രം. ഊരാളുങ്കൽ സൊസൈറ്റിയെ സർക്കാർ അതിരറ്റ് ചേർത്തു പിടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുള്ള കാലത്ത് ടെൻഡർ നടപടികൾ ഒന്നുമില്ലാതെ 10 ശതമാനം നിരക്ക് കൂട്ടിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷന് സംഗമത്തിന്റെ നടത്തിപ്പ് ചുമതല നൽകിയത്. ഇതേ സ്ഥാപനം വിവിധ സേവനങ്ങൾക്കായി ഉപകരാർ കൊടുത്തതും ഊരാളുങ്കലിന് കീഴിലുള്ള സൊസൈറ്റിക്ക് മാനദണ്ഡം പാലിക്കാതെയാണ്.
വിവിധ സേവനങ്ങൾക്ക് പതിനഞ്ചര ലക്ഷം വരെ തുക കൈമാറിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒൻപതര ലക്ഷത്തിന്റെ ബില്ല് മാത്രമാണുള്ളത്. അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ അവിടെയും അപ്രത്യക്ഷമായി. സംഗമം നടത്തിപ്പിനായി വാങ്ങിക്കൂട്ടിയെന്ന് പറയുന്ന ഫർണീച്ചർ ഉൾപ്പെടെ അസിസ്റ്റന്റ് എൻജിനീയറുടെ സാന്നിധ്യത്തിൽ ചടങ്ങിന് ശേഷം കൈമാറിയതായി ഒരിടത്തും രേഖയില്ല. ഹോട്ടലുകൾ വാടകയായി ഈടാക്കിയിരുന്ന തുകയിൽ കുറവ് വരുത്തിയെന്ന് കാണിച്ചിട്ടുണ്ടെങ്കിലും ഇളവ് നേടിയതിന്റെ കണക്ക് ബോർഡിന്റെ കൈവശമില്ല. ധനലക്ഷ്മി ബാങ്ക് 2 കോടി. കേരള ബാങ്ക് ഒരു കോടി സ്പോൺസർഷിപ്പ് ഇനത്തിൽ നൽകി. ഒരു കോടി രൂപ ഉടൻ കൈമാറുമെന്ന് അദാനി ഗ്രൂപ്പും അറിയിച്ചിട്ടുണ്ട്. അവിടെ തീരുന്നില്ല ബാധ്യത. സ്പോൺസർമാർ പൂർണമായും പിന്മാറിയെന്ന് പറയുമ്പോൾ ബാധ്യത ദേവസ്വം ബോർഡിന് മാത്രമാവും. വാരിക്കോരി നൽകിയവർ ആരും ഒരു രൂപ പോലും തിരികെ കൊടുക്കാൻ യാതൊരു സാധ്യതയുമില്ലാതിരിക്കെ അയ്യപ്പ സംഗമം നടത്തിപ്പ് കണക്ക് ഒപ്പിക്കാൻ ദേവസ്വം ബോർഡ് നന്നായി വിയർക്കേണ്ടി വരും.