സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആയി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമിനെ സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കും. കുഞ്ഞിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആലിന്റെ മാതാപിതാക്കള്‍ വലിയ മാതൃകയെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.
‘കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. ’ എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ വേണ്ട തയാറെടുപ്പുകള്‍ ചെയ്ത് യാത്ര സുഗമമാക്കിയ പൊലീസിനെയും സഹകരിച്ച ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന വാര്‍ത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. ‘ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.’ – എന്നായിരുന്നു മുഖ്യന്ത്രിയുടെ വാക്കുകള്‍.
ആലിന്‍റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഇന്നലെഅര്‍ധരാത്രിയില്‍ തന്നെ പൂര്‍ത്തിയായിരുന്നു.