sunni-unit

TOPICS COVERED

ഒരിടവേളയ്ക്ക് ശേഷം സുന്നി ഐക്യം വീണ്ടും ചര്‍ച്ചയാവുകയാണ്. സമസ്ത ഇകെ വിഭാഗം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യാഹ്വാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ കാന്തപുരം എപി വിഭാഗം ഇന്ന് നിലപാട് പ്രഖ്യപിക്കും. ഐക്യം യാഥാര്‍ഥ്യമായാല്‍ വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ ചലനങ്ങളാകും ഉണ്ടാവുക. സമസ്ത നൂറാവാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ജിഫ്രി തങ്ങള്‍ മനോരമ ന്യൂസിനോട് നിലപാട് തുറന്ന് പറഞ്ഞത്. കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ക്കും ഐക്യത്തിനോട് വിയോജിപ്പൊന്നുമില്ല. 

എന്നാല്‍ ഇക്കാര്യത്തില്‍ കോട്ടക്കലിലെ സമ്മേളനത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കാമെന്നാണ് അബൂബക്കര്‍ മുസ്​ലിയാര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഇതോടെ കാന്തപുരം എപി വിഭാഗത്തിന്‍റെ പ്രഖ്യാപനത്തില്‍ ആകാംക്ഷയേറി. സമസ്ത കേരള ജംഇയത്തുല്‍ ഉലമയും അഖിലേന്ത്യ സുന്നി ജംഇയുത്തുല്‍ ഉലമയും പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധമുള്ള സംഘടനകളല്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വീധീനം ചെലുത്തുന്നവരാണ്. ഇരുവിഭാഗത്തിന്‍റെയും നിലപാടുകള്‍ക്ക് മലബാറില്‍ രാഷ്ട്രീയ അടിയൊഴുക്ക് നിര്‍ണയിക്കാനാകും. 

1989ലാണ് സമസ്ത പിളര്‍ന്നത്. സമസ്തയിലെ ലീഗിന്‍റെ ഇടപെടലിനെ ചൊല്ലിയുള്ള തര്‍ക്കവും പിളര്‍പ്പിന് കാരണമായതോടെ കാന്തപുരത്തിന്‍റെ നേതൃത്വത്തിലുണ്ടാക്കിയ അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ സ്വാഭാവികമായും  ഇടതുപക്ഷത്തോട് അടുത്തു. ഇതാകട്ടെ മലബാരിലെ ബാലികേറാമലയായിരുന്ന പല മേഖലകളിലും തിരഞ്ഞെടുപ്പ് വിജയങ്ങളുണ്ടാക്കാന്‍ എല്‍ഡിഎഫിനെ സഹായിച്ചു. ഐക്യം യാഥാര്‍ഥ്യമായാല്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പൊതുവെ പറയുമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതെങ്ങനെ ഉരിത്തിരിയുമെന്ന് പറയാനാകാത്ത സങ്കീര്‍ണ സാഹചര്യമാണ്. 

ENGLISH SUMMARY:

Sunni unity is once again a major topic of discussion in Kerala politics, with the Samastha EK faction calling for reconciliation. The Kanthapuram AP faction is expected to announce their stance today, and their decision could significantly impact political equations in North Kerala.