കാടുകയറിയ ഓഫിസ് വളപ്പ് എങ്ങനെ പുനരുപയോഗിക്കാം എന്നറിയണമെങ്കില്‍ കൊല്ലം നീണ്ടകര ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് ഓഫിസിലേക്ക് വരണം. ഓഫിസിലെ ആകെയുള്ള സ്ഥലത്തില്‍ നാലേക്കറില്‍ കൂടുതലാണ് കൃഷിയ്ക്കുവേണ്ടി മാറ്റിവെച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ മികച്ച കൃഷിക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡും കഴിഞ്ഞ തവണ ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വകുപ്പിനു ലഭിച്ചു.
വെണ്ട , വഴുതന , അമര, തക്കാളി എന്നുവേണ്ട മല്‍സ്യകൃഷി വരെയുണ്ട് നീണ്ടകര ഫിഷിങ്ങ് ഹാര്‍ബറിനകത്തെ ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് ഓഫിസ് വളപ്പില്‍. വിവിധ ഓഫിസകളുള്ള ഇവിടെ ആകെയുള്ള 20 ഏക്കറില്‍ നാലു ഏക്കറിലധികം സ്ഥലമാണ് കൃഷിക്ക് വേണ്ടി മാറ്റിവെച്ചത്. കൃഷി നൂറുമേനിയാണ്. വിളഞ്ഞു പാകമായവ പുറത്തു വില്‍ക്കുന്നു. കഴിഞ്ഞ തവണ ഓണത്തിനു മാത്രം വിറ്റത 25 കിലോയിലധികം പൂവാണ്. ഇത്തവണയും ഓണത്തിനുള്ള പച്ചക്കറിയും , പൂകൃഷിയ്കുമൊക്കെയുള്ള തയ്യാറെടുപ്പിലാണ്
വേനലായതോടെ കൃഷിയുടെ അളവ് കുറച്ചിട്ടുണ്ട്. തീരപ്രദേശമായതിനാല്‍ ഉപ്പു കലര്‍ന്ന മണ്ണ് കൃഷിക്ക് വെല്ലുവിളിയാണ്. അതെല്ലാം മറകടന്നു വീണ്ടും തൈ വെച്ചു കഴിഞ്ഞു. വെറുതെ കിടന്ന ഭൂമി കാടുകയറിയതോടെയാണ് കൃഷി വകുപ്പുമായി ചേര്‍ന്നു കൃഷി എന്ന ആശയത്തിലേക്ക് വകുപ്പ് മാറിയത്. വിജയമായപ്പോള്‍. ആവേശമായി. ഇനിയും തുടരാനാണ് വകുപ്പിന്‍റെ തീരുമാനം.
പൊതുമേഖലാസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് തേടിയെത്തിയത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമാക്കാനാണ് ഇനിയുള്ള ശ്രമം.