സ്വർണ്ണക്കൊള്ള അന്വേഷണത്തിനായി വലിയ ഭാഗങ്ങൾ സാമ്പിളുകളായി മുറിച്ചെടുത്തതോടെ സ്വർണ്ണപ്പാളികൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തി. സാമ്പിൾ ശേഖരണത്തിന്റെ പോരായ്മകൾ പരിഹരിക്കണം എന്ന് തന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിടവുകൾ തെളിഞ്ഞു കാണുന്നത് കാഴ്ചയ്ക്കും അഭംഗിയായി. ഇന്നലെ രാത്രിയാണ് പരിശോധന പൂർത്തിയാക്കിയ എസ് ഐ ടി മലയിറങ്ങിയത്.

ദ്വാരപാരക ശിൽപ്പത്തിന്റെ കയ്യുടെ ഭാഗമാണ് മുറിച്ചെടുത്തത്. മൂന്ന് തൂണുകളുടെയും നടുക്ക് നിന്നാണ് മുറിച്ചെടുത്തത്. കട്ടിള പാളിയുടെയും ഭാഗങ്ങൾ മുറിച്ചിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തിൽ കാണില്ല. നാല് മുതൽ അഞ്ചു സെൻറീമീറ്റർ വരെ വലുപ്പമുള്ള ഭാഗങ്ങളാണ് സാമ്പിളായി മുറിച്ചെടുത്തത്. തൂണുകൾ 1998-ൽ സ്വർണ്ണം പൊതിഞ്ഞതും കട്ടിളപ്പാളികൾ 2019 ൽ സ്വർണം പൂശിയതും ദ്വാരപാലക ശില്പങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ സ്വർണം പൂശിയതുമാണ്. ശ്രീകോവിലുമായി ചേർന്ന ഭാഗങ്ങൾ ഇത്തരത്തിൽ മുറിക്കാൻ പാടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിലാണ് മുറിച്ച് സാമ്പിൾ എടുക്കേണ്ടി വന്നത്. 

കഴിഞ്ഞ നവംബറിലെ സാമ്പിൾ ശേഖരണത്തിൽ പ്രത്യക്ഷത്തിൽ കാണാത്ത വിധത്തിൽ വളരെ ചെറിയ ഭാഗങ്ങളാണ് മുറിച്ചെടുത്തത്. അതിലെ പരിശോധനാഫ ലം മതിയാകാതെ വന്നതോടെയാണ് വലിയ ഭാഗങ്ങൾ മുറിച്ചെടുക്കേണ്ടി വന്നത്. സാമ്പിൾ ശേഖരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തേ തന്നെ എക്സിക്യൂട്ടീവ് ഓഫിസർക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ ആണ് ഇത്തവണത്തെ വിദഗ്ധ പരിശോധന.

ENGLISH SUMMARY:

Gold smuggling investigation has led to the cutting of large portions of gold plates for sampling, rendering them unusable. Temple authorities and experts are concerned about the proper handling of such valuable artifacts during investigations.