ശബരിമലയില്‍ യുവതീപ്രവേശനമാവശ്യപ്പെട്ട് വിശ്വാസികള്‍ അല്ലാത്തവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി അന്നേ തള്ളേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതിയുടെ നിര്‍ണായ നിരീക്ഷണം. അയ്യപ്പ ഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്രാചാരത്തെ ചോദ്യം ചെയ്യാനാവും എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. നിക്ഷിപ്ത താൽപ്പര്യങ്ങളോടെ പൊതുതാല്‍പര്യഹര്‍ജികളെത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു. യുവതീ പ്രവേശനം ആചാരമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
യുവതീ പ്രവേശനവിധി പുനഃപരിശോധന റഫറന്‍സിലെ ഏഴാം ചോദ്യത്തിന്‍മേലുള്ള കേന്ദ്രവാദത്തിനിടെയാണ് ശബരിമലയിലെ ആദ്യഹര്‍ജിക്കാരുടെ അര്‍ഹതയെക്കുറിച്ച് സുപ്രീം കോടതി ചോദ്യമുന്നയിച്ചത്. ആചാരം ചോദ്യംചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ടോ എന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു.
യുവതീപ്രവേശന വിലക്ക് ചോദ്യം ചെയ്ത 2006ല്‍ ഹര്‍ജി നല്‍കി യങ് ലോഴേസ് അസോസിയേഷന്‍ വിശ്വാസികളുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. വിശ്വാസികള്‍ ആചാരം കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി എങ്ങനെ പരിഗണിക്കപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജി അന്നേ തള്ളേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നയുടെ നിരീക്ഷിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ സംഘടനകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കായി കോടതികളെ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസും ആശങ്ക പ്രകടിപ്പിച്ചു.
യുവതീ പ്രവേശന വിലക്ക് ആചാരമെന്ന വാദം കേന്ദ്രം ഇന്നും വിശദീകരിച്ചു. ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണോയെന്ന് നിര്‍ണയിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതിയും ആവര്‍ത്തിച്ചു.
നിയമനിര്‍മ്മാണ സഭയാണ് അവസാന വാക്ക് എന്ന് പറയാനാവില്ല. മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോ എന്നും നരബലി പോലുള്ള അനാചാരങ്ങളില്‍ കോടതിക്ക് പരിശോധനയില്ലാതെ ഇടപെടാമെന്നും ഭരണ ഘടനാ ബെഞ്ചിന്‍റെ നിരീക്ഷണം. കേന്ദ്ര സര്‍ക്കാരിന്‍റെ വാദം പൂര്‍ത്തിയായി. നാളെ ഉച്ചയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദമുന്നയിക്കും. സമയം ലഭിച്ചാല്‍ വോട്ടെടുപ്പ് ദിവസമായ നാളെത്തന്നെ കേരളത്തിന്‍റെ വാദവും നടക്കും.