ayyappa-sangamam-2

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്നത്  വ്യാജവാര്‍ത്തയാണെന്നും നന്ദഗോവിന്ദത്തിന് പണം കൊടുത്തുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന്‍ ദേവാണ്. അദ്ദേഹത്തിനാണ് എട്ടുലക്ഷം രൂപ നല്‍കിയത്. നന്ദഗോവിന്ദൻ ഭജൻസിന് പണം അനുവദിച്ചതിന്‍റെ രസീതുണ്ടെന്ന പ്രചരണം തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ മൂന്ന് കോടി രൂപ സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചു. ഒരു കോടി രൂപ കൂടി ഉടന്‍ കിട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അയ്യപ്പ സംഗമം ധൂർത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ലെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്കെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വിവരങ്ങളാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യഥാര്‍ഥ കണക്ക് പുറത്തുവിടുമെന്നും ഞങ്ങളുടെ മടിയില്‍ കനമില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലവില്‍ പ്രചരിച്ച വിവരങ്ങള്‍ ജനങ്ങളെ പറ്റിക്കാനുള്ള പുകമറയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്ക് സര്‍ക്കാര്‍ പറഞ്ഞേ മതിയാകൂവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രതികരണം. കുതിരയെ മാരുതിക്കാറില്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങളെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഹൈക്കോടതി നിര്‍ദേശപ്രകാരം ദേവസ്വം ബോര്‍ഡ് സ്വകാര്യ ഓഡിറ്ററെ കൊണ്ട് തയാറാക്കിപ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണവും തേടിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി ആകെ 6.32 കോടി രൂപ ചെലവായെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. വരവിനത്തില്‍ ആകെ കിട്ടിയത് രണ്ട് കോടി രൂപ (ധനലക്ഷ്മി ബാങ്ക്)യുടെ സ്പോണ‍്സര്‍ഷിപ്പും 84.74 ലക്ഷം രൂപയുടെ പരസ്യവരുമാന( കേരള ബാങ്ക്)വുമാണ് ലഭിച്ചത്. ചെലവായ തുകയില്‍ ഇനി 3.45 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേവസ്വം ബോര്‍ഡ് ഇതിനായി ചെലവഴിച്ച തുക 42.9 ലക്ഷം രൂപമാത്രമാണെന്നും ബാക്കി കരാര്‍ കമ്പനിയുടെ ചെലവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ENGLISH SUMMARY:

The Travancore Devaswom Board has clarified that the reports of corruption in the Global Ayyappa Sangamam are false, denying claims that a bed was purchased for the Chief Minister. Addressing the audit report, the board explained that ₹8 lakh was paid to singer Ishaan Dev as a replacement for Nandagovindan, who could not attend. While the audit report estimated a total expenditure of ₹6.32 crore, the board maintained that it only spent ₹42.9 lakh, with the rest managed by contractors. CPM State Secretary M.V. Govindan called the leaked figures a 'smoke screen' to mislead people, promising that the real accounts would be made public soon. However, Opposition Leader V.D. Satheesan demanded a thorough probe into the 'unnecessary' expenses and called for legal action against those involved. The High Court had earlier sought a detailed explanation from the board based on the private audit report