കേന്ദ്രമന്ത്രി സുരേഷ് ഗോപി 33 ലക്ഷം രൂപ അനുവദിച്ചിട്ടും തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആധുനിക ലാബ് തുറക്കാന്‍ അനുമതി ലഭിച്ചില്ല. സാധാരണക്കാരായ രോഗികള്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ മള്‍ട്ടി സ്പെഷാലിറ്റി ലാബ് തുറക്കാനായിരുന്നു പദ്ധതി. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുപ്പത്തിമൂന്നു ലക്ഷം രൂപയാണ് എം.പി. ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു രേഖാമൂലം ഫണ്ട് അനുവദിച്ചത്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ലാബിനുള്ള കീഴിലുള്ള സ്ഥാപനമായിരുന്നു ലക്ഷ്യം. പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ലാബ് എന്നതായിരുന്നു ആശയം. കോര്‍പറേഷന്‍റെ നിയന്ത്രണത്തിലാണ് ജനറല്‍ ആശുപത്രി. കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്തയ്ക്കാന്‍ വീണ്ടും വൈകി. ലാബ് അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭരണാനുമതി നല്‍കിയില്ല.
ആരോഗ്യ വകുപ്പില്‍ നിന്നുള്ള അന്തിമ അനുമതി കിട്ടിയാല്‍ മാത്രമേ ലാബ് ആരംഭിക്കാന്‍ കഴിയൂ. അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.