rahul-bail

ആദ്യ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു നടത്തിയത് നിർണായക പരാമർശങ്ങൾ. രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നു കോടതി പറഞ്ഞു. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം കേസിന്റെ വിചാരണാവേളയിലാണു തെളിയേണ്ടതെന്നുമാണ് ജസ്റ്റിസ് കൗസർ എ‍ഡപ്പഗത്ത് ഉത്തരവിൽ പറയുന്നത്. 

 

 

2025 ജനുവരിയിലാണ് പ്രതിയും പരാതിക്കാരിയും പരിചയത്തിലാവുന്നതും അടുക്കുന്നതും. ജനുവരി ഒടുവിൽ പ്രതിയുടെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പരാതിക്കാരി 2 ദിവസം താമസിച്ചിട്ടുണ്ട്. മാർച്ചിൽ പ്രതി പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി താമസിച്ചിരുന്നു. മാർച്ച് പകുതിയോടെയും പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി. ഈ സമയത്ത് തങ്ങൾ തമ്മിലുള്ള അടുപ്പം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദ്യം ചെയ്തു എന്നും ബലമായി നഗ്നചിത്രങ്ങള്‍ പകർത്തി എന്നും പരാതിക്കാരി പറയുന്നു. പിന്നീട് ഏപ്രില്‍ ഒടുവിൽ തന്റെ താമസ സ്ഥലത്തു വച്ച് ഒട്ടേറെ തവണ ലൈംഗികാക്രമണത്തിന് വിധേയയായി എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. എന്നാൽ മേയ് മാസം ഒടുവിൽ ഹർജിക്കാരന്റെ പാലക്കാടുള്ള ഫ്ലാറ്റിൽ പോയി രണ്ടു ദിവസം താമസിച്ചു എന്നും പരാതിക്കാരി പറഞ്ഞിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. 

 

 

ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി വളരെയേറെ തകർന്നിരുന്നുവെന്നു പറയുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി അവിടെ താമസിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായി തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അവിടെ വച്ചും ലൈംഗികാക്രമണം ഉണ്ടായെന്നും എന്നിട്ടും അവിടെനിന്ന് പോകാൻ ശ്രമിച്ചെന്നോ അല്ലെങ്കിൽ തന്നെ തടഞ്ഞുവച്ചെന്നോ അവകാശപ്പെടാതെ പരാതിക്കാരി രണ്ടുദിവസം കൂടി ആ ഫ്ലാറ്റിൽ തന്നെ തുടരുകയാണുണ്ടായത് എന്നും കോടതി പറയുന്നു. പ്രഥമദൃഷ്ട്യാ ഇത് കാണിക്കുന്നത് ഇരുവർക്കുമിടയിലുള്ളത് ഉഭയകക്ഷി ബന്ധമായിരുന്നു എന്നാണ്. എന്നാൽ അക്കാര്യങ്ങൾ വിചാരണയിലാണ് തെളിയേണ്ടത്. 

 

ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നു എങ്കിൽ വിവാഹിതയും പക്വതയുമുള്ള ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കുകയും അയാളുടെ പാലക്കാടുള്ള ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി അവിടെ താമസിക്കുകയും ചെയ്യുമായിരുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നും കോടതി പറയുന്നു. ഈ സമയത്തൊന്നും പരാതികള്‍ നൽകിയിട്ടില്ല. മാത്രമല്ല, പ്രതിയും പരാതിക്കാരിയും തമ്മിലും പരാതിക്കാരിയും രണ്ടാം പ്രതിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും സൂചന നൽകുന്നത് ഏപ്രിൽ ഒടുവിലും മേയ് ഒടുവിലും ഉണ്ടായത് ഉഭയകക്ഷി പ്രകാരമുള്ള ബന്ധം തന്നെയായിരുന്നു എന്നാണ്. 

 

ഒരു ബന്ധത്തിനുള്ളിൽ ഉഭയസമ്മത പ്രകാരമുണ്ടായ ലൈംഗിക ബന്ധങ്ങളെല്ലാം ആ ബന്ധം മോശമാകുമ്പോൾ ബലാത്സംഗമായി കണക്കാക്കാനാവില്ല. ഇത്തരത്തില്‍ ബന്ധം മോശമായിക്കഴിയുമ്പോൾ ബലാത്സംഗ ആരോപണം ഉയരുന്ന സംഭവങ്ങൾ കൂടുതലായി കണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ഇരുവരും തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം, പരാതിക്കാരി ആരോപിക്കുന്നത് പോലെ അവരുടെ സമ്മതമില്ലാതെ നടന്ന ഒന്നാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. 

 

കേസിലെ രണ്ടാം പ്രതി നൽകിയ ഗുളിക കഴിച്ചാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഒന്നും രണ്ടും പ്രതികൾ തന്നെ നിരന്തരം സമ്മർദ്ദത്തിലാക്കിയും ഭീഷണിപ്പെടുത്തിയുമാണ് ഇത് ചെയ്യിച്ചത് എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളും കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഗർഭം തുടര്‍ന്നുകൊണ്ടു പോകുന്നതിൽ പ്രതിക്ക് താല്‍പര്യമില്ല എന്നതും പരാതിക്കാരിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും ഈ ചാറ്റിലുണ്ട്. എന്നാൽ പരാതിക്കാരി ഗർഭഛിദ്രത്തിനു സമ്മതിക്കുന്നതായ സൂചന രണ്ടാം പ്രതിയുമായുള്ള ചാറ്റിൽ കാണാം. 

 

ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി തന്നെ ആവശ്യപ്പെട്ടതും താൻ ഉള്ള സ്ഥലം വ്യക്തമാക്കുന്നതും രണ്ടാം പ്രതിയിൽ നിന്ന് മരുന്ന് വാങ്ങിയെന്നതും ചാറ്റിൽ വ്യക്തമാണ്. പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചു എന്നാണ് പ്രഥമദൃഷ്്ട്യാ ലഭിക്കുന്ന സൂചനയെന്നും കോടതി പറയുന്നു. ബിഎൻഎസ് 89 പ്രതിക്കെതിരെ ചുമത്തണമെങ്കിൽ ഇക്കാര്യം സ്ത്രീയുടെ സമ്മതമില്ലാതെ ചെയ്യണമായിരുന്നു. ആ സമ്മതമുണ്ടായത് പരാതിക്കാരി പറയുന്നതു പോലെ ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ മറ്റെന്തെങ്കിലും സ്വാധീനത്താലോ ആണോ എന്ന് തെളിയേണ്ടത് വിചാരണാഘട്ടത്തിലാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 

 

സമാനമായ വിധത്തിൽ പ്രതി മറ്റു സ്ത്രീകൾക്കെതിരെയും ലൈംഗികാക്രമണം നടത്തിയിട്ടുണ്ടെന്നും മറ്റ് മൂന്ന് എഫ്ഐആറുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. കോടതി മുമ്പാകെയുള്ള കുറ്റകൃത്യത്തിനു ശേഷം റജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് അവ. അതുകൊണ്ടു തന്നെ ക്രിമിനൽ പശ്ചാത്തലം പറയാൻ പറ്റില്ല. 

 

ഒരു കുറ്റകൃത്യത്തിൽ ആരോപണവിധേയനായ വ്യക്തിയുടെ ധാർമിക ഗുണങ്ങളോ അല്ലെങ്കിൽ അതില്ലാത്തതോ അയാൾക്കെതിരെ കോടതിയിലുള്ള കേസിന്റെ നിയമസാധുത നിശ്ചയിക്കാനുള്ള മാനദണ്ഡമാകരുത് എന്നും പറഞ്ഞാണ് ഉപാധികളോടെ രാഹുൽ മാങ്കൂട്ടത്തിലിനു കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ ഈ മാസം 16 മുതൽ 3 ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഫോണും പാസ്പോർട്ടും സമർപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. രാഹുലിനെ ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala High Court granted anticipatory bail to Palakkad MLA Rahul Mamkootathil, making significant observations. The court prima facie understood the relationship between Mamkootathil and the complainant to be consensual, stating that levying rape charges when a relationship breaks down is not appropriate.