മലപ്പുറം നിലമ്പൂരിൽ മോഷ്ടിച്ച സ്വർണ്ണമാല യുവതി വിഴുങ്ങിയതിനെ തുടർന്ന് പുലിവാല് പിടിച്ച് പൊലീസ്. മാല മോഷണത്തിനു പിന്നാലെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ വെല്ലുന്ന രംഗങ്ങളാണ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ 3 ദിവസമായി തുടരുന്നത്.
നിലമ്പൂർ ആശുപത്രി റോഡിലെ ക്ലിനിക്കിൽ വച്ചാണ് ദമ്പതികൾക്കൊപ്പം എത്തിയ കുഞ്ഞിന്റെ സ്വർണ്ണമാല നഷ്ടമായത്. ക്ലിനിക്കിൽ വച്ച് കുഞ്ഞിനെ താലോലിച്ച മുക്കട്ട സ്വദേശി സമീന(35)യാണ് പിടിയിലായത്.
തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി.
വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തിൽ യുവതി മാല വിഴുങ്ങുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.
എക്സ്-റേ പരിശോധനയിൽ സമീനയുടെ വയറ്റിൽ സ്വർണമാല കണ്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സമീനയെ കോടതിയിൽ ഹാജരാക്കിയ ശേഷം മാല വീണ്ടെടുക്കാനുള്ള കാത്തിരിപ്പിലാണ് പൊലീസ്. ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽകി.
ആഭരണം മാത്രം ഇനിയും പുറത്തുവന്നില്ല രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ സമയത്തും പ്രതിക്ക് കാവലായുണ്ട്. മാല പുറത്തെടുത്താല്‍ മാത്രമേ കേസുമായി മുന്‍പോട്ട് പോകാന്‍ പറ്റുകയുള്ളൂ.