ശബരിമല സ്വർണക്കൊള്ളയിൽ ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടിയുടെ പരിശോധന തുടങ്ങി. ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളിലെ പാളികളും ദ്വാരപാലക ശിൽപ പാളികളും ഇളക്കിയെടുത്തു. ലീഗൽ മെട്രോളജിയിൽ നിന്നുള്ള വിദഗ്ധർ അടക്കം സംഘത്തിൽ ഉണ്ട്.
കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ് വൈകിട്ട് അഞ്ചുമണിയോടെ എസ്ഐടി പരിശോധന തുടങ്ങിയത്. ശ്രീകോവിലിന് ചുറ്റും ഉള്ള തൂണുകളിലെ പാളികളും ദ്വാരപാലകശില്പ പാളികളും ഇളക്കിയെടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്ക് മാറ്റി. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേൽനോട്ടം. ഇവർ പറയുന്ന ഭാഗങ്ങളിൽ പരിശോധന നടത്തുകയും സാമ്പിൾ എടുക്കുകയും ചെയ്യും.
ലീഗൽ മെട്രോളജി ഗോൾഡ് അസെ വിഭാഗവും ഫോറൻസിക് സംഘവും ഉണ്ട്. ലീഗൽ മെട്രോളജി ഗോൾഡ് ലാബ് അസ്സെയ് മാസ്റ്റർ ടീമാണ് സ്വർണ സാംപിളുകൾ ശേഖരിക്കുന്നത്. ആലോചന യോഗത്തിന് ശേഷമാണ് പരിശോധന തുടങ്ങിയത്. കഴിഞ്ഞ നവംബർ 17നും ശ്രീകോവിലെ സ്വർണ്ണപ്പാളികൾ പരിശോധിച്ചിരുന്നു. അന്നത്തെ പരിശോധന ഫലം തൃപ്തികരമല്ലാതെ വന്നതോടെയാണ് വീണ്ടും പരിശോധന. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും അടുത്ത പരിശോധന.