ജനജീവിതം സ്തംഭിപ്പിച്ചുള്ള പണിമുടക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍. ലോകവും ഇന്ത്യയുടെ മറ്റുഭാഗങ്ങളും തള്ളിയ കാലഹരണപ്പെട്ട സമരമുറ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു,  വ്യവസായങ്ങളെ തുരത്തിയ തീവ്ര യൂണിയനിസം  ഇപ്പോൾ ജനങ്ങളെ വീടുകളിൽ തടവിലാക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.  പാര്‍ലമെന്‍റില്‍ കോണ്‍‌ഗ്രസ് എം.പിമാര്‍ പണിമുടക്കിനെ പിന്തുണച്ച് പ്രസംഗിക്കവെയാണ് എക്സ് പോസ്റ്റിലൂടെ തരൂരിന്‍റെ ഭിന്നാഭിപ്രായം.

ഇന്നത്തെ "ഭാരത് ബന്ദ്" യഥാർത്ഥത്തിൽ വെറുമൊരു "കേരള ബന്ദ്" മാത്രമായെന്ന് ശശി തരൂരിന്‍റെ  പരിഹാസം.  നിര്‍ബന്ധിത സ്തംഭിപ്പിക്കലില്‍നിന്ന് ഇന്ത്യയുടെ മറ്റുഭാഗങ്ങൾ പുരോഗമിച്ചെങ്കിലും കേരളം ഇപ്പോഴും ബന്ദിയായി തുടരുന്നു. പൗരന്റെ സഞ്ചാര സ്വതന്ത്രം തടയാൻ ആര്‍ക്കും അവകാശമില്ല.  സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു. ലോകവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഉപേക്ഷിച്ച കാലഹരണപ്പെട്ട സമരമുറ ഇനിയും മുറുകെ പിടിച്ചാല്‍ ആധുനികവും നിക്ഷേപക സൗഹൃദവുമായ ലക്ഷ്യത്തിലെത്താനാകില്ലെന്നും തരൂര്‍.  സമൂഹ മാധ്യമത്തിലൂടെ തരൂരിന്‍റെ പ്രതികരണം വരുമ്പോള്‍ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ്, ഇന്ത്യ സഖ്യ എം.പിമാര്‍ പണിമുടക്കിനെ പിന്തുണച്ച് പ്രസംഗിക്കുകയായിരുന്നു.

വ്യവസായ ബന്ധ കോഡ് ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് കേരളത്തില്‍നിന്നുള്ള എം.പിമാര്‍  തൊഴില്‍ കോഡുകള്‍ക്കെതിരെ പ്രതികരിച്ചത്.

ENGLISH SUMMARY:

Shashi Tharoor has sharply criticized the bandh that paralyzed public life, stating it's time to abandon outdated protest methods rejected by the world and other parts of India. He accused extreme unionism, which drove away industries, of now holding people captive in their homes.