കോക്രോച്ച് ജനതാ പാർട്ടിയും സോനം വാങ്‌ചുക്കും ജന്തർമന്ദറിൽ നടത്തുന്ന സമരത്തിനെ പിന്തുണച്ച് ശശി തരൂർ എംപിയുടെ തുറന്ന കത്ത്. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ ആയല്ല, യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആഴത്തിൽ അസ്വസ്ഥനായ ഒരാളായാണ് കത്തെഴുതുന്നതെന്ന് സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തിൽ തരൂർ വ്യക്തമാക്കുന്നു. തന്‍റെ ജീവിതാനുഭവങ്ങൾകൂടി ചേർത്തുകൊണ്ടാണ് തരൂർ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത്. 

ജന്തർമന്ദറിൽ ഒത്തുകൂടിയ യുവാക്കളോടും, ഇന്ത്യയിലുടനീളം സമാധാനപരമായി ശബ്ദമുയർത്തുന്നവരോടും പറയാനുള്ളത്, ഈ രാജ്യം നിങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്. നിങ്ങളുടെ കോപം അച്ചടക്കമില്ലായ്മയല്ല. എല്ലാം കൃത്യമായി ചെയ്തിട്ടും വഞ്ചിക്കപ്പെട്ടുപോയ ഒരു തലമുറയുടെ ആത്മവേദനയാണത്. നിങ്ങൾ തനിച്ചല്ല എന്നും തരൂർ വ്യക്തമാക്കുന്നു. 

സോനം വാങ്ചുകിനോട് ഉപവാസം അവസാനിപ്പിക്കണം എന്നും തരൂർ കത്തിൽ അഭ്യർത്ഥിക്കുന്നു. വാങ്‌ചുക്ക് രാജ്യത്തിന്‍റെ മനസ്സാക്ഷിയെ ഉണർത്തിക്കഴിഞ്ഞു. ഒരു ഉപവാസം കൊണ്ട് ലക്ഷ്യമിടുന്നത് അതുതന്നെയാണ്. ഇനിയും ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ ശബ്ദം ആവശ്യമുണ്ട് അതിനാൽ ഉപവാസം അവസാനിപ്പിക്കണമെന്നാണ് തരൂർ ആവശ്യപ്പെടുന്നത്. 

താഴെത്തട്ടിലുള്ളവർക്കും ഇടത്തരം കുടുംബങ്ങളിലെ യുവാക്കൾക്കും ഉയരങ്ങളിലേക്ക് കയറിപ്പോകാനുള്ള ഒരേയൊരു മാർഗം സുതാര്യവും യോഗ്യതയധിഷ്ഠിതവുമായ ഒരു സംവിധാനമാണ്. ആ മാർഗം  തകർക്കപ്പെടുമ്പോൾ, ചോദ്യപേപ്പറുകൾ ചോരുമ്പോൾ, പരീക്ഷകൾ റദ്ദാക്കപ്പെടുമ്പോൾ, വിശ്വാസം തകരുമ്പോൾ, സാമ്പത്തികം ഉള്ളവരുടെയും സ്വാധീനമുള്ളവരുടെയും മക്കൾക്ക് ഒന്നും സംഭവിക്കുന്നില്ല. അവർക്ക് മറ്റ് മാർഗങ്ങളുണ്ട്. എന്നാൽ സാധാരണക്കാരുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ ത്യാഗങ്ങളുമാണ് ഇവിടെ പൊളിയുന്നതെന്നും തരൂർ പറയുന്നു.

ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് താൻ ജനിച്ചതെന്നും, പിതാവ് ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു, അമ്മ ഒരു വീട്ടമ്മയും. ഒരു വരുമാനം കൊണ്ട് മൂന്ന് മക്കളെ പഠിപ്പിക്കേണ്ട അവസ്ഥയായിരുന്നു. സ്കോളർഷിപ്പുകളും പരീക്ഷകളുമായിരുന്നു മുന്നോട്ട് പോകാനുള്ള ഒരേയൊരു മാർഗ്ഗം. തനിക്ക് ഒന്നും പാരമ്പര്യമായി കിട്ടിയതല്ല, എല്ലാം കഠിനാധ്വാനത്തിലൂടെയും പരീക്ഷകളിലൂടെയും നേടിയെടുത്തതാണെന്നും തരൂർ പങ്കുവെച്ചു. അതിനാൽ തന്നെ യുവാക്കളോട് പ്രത്യാശ കൈവിടരുതെന്നും തരൂർ ആഹ്വാനം ചെയ്യുന്നു. 

തിങ്കളാഴ്ച മുതൽ പാർലമെന്റ് സമ്മേളനം വീണ്ടും ആരംഭിക്കുന്നതോടെ,വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിക്കും. പാര്ലമെന്റിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത്, അല്ലാതെ മരണം വരെ ഉപവാസം അനുഷ്ഠിച്ചല്ല. ദയവായി തന്റെ അഭ്യർത്ഥന സ്വീകരിക്കുക എന്നും തരൂർ കുറിച്ചു. ജനാധിപത്യം യുവ പൗരന്മാർക്ക് നൽകേണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും തയ്യാറാകാൻ കേന്ദ്രസർക്കാരിനോട് തരൂർ അഭ്യർത്ഥിച്ചു. അത് ബലഹീനതയല്ല, മറിച്ച് ഭരണാധികാരത്തിന്റെ ഔചിത്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Shashi Tharoor's open letter to Jantar Mantar protestors emphasizes that the nation is listening to their voices. He urges Sonam Wangchuk to end his hunger strike, believing his message has already resonated with the country's conscience.