കേന്ദ്ര വിദ്യാഭ്യസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന കോക്രോച്ച് ജനത പാർട്ടിക്ക് ജന്തർ മന്ദിറിലേക്കുള്ള സമര നായകൻ സോനം വാങ്ചുക്കിന്റെ വരവ് ചെറുതല്ലാത്ത ആശ്വാസമാണ് നൽകിയത്. എന്നാൽ സോനം വാങ്ചുക്കെത്തി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ വ്യാജ പ്രചാരണങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. നിരാഹാര സമരത്തിനിടെ സോനം വാങ്ചുക്ക് ജ്യൂസ് കുടിച്ചെന്ന ആരോപണമാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ സിജെപിയുടെ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ സോനം കുടിച്ച കുപ്പി വേദിയിൽ ഉയർത്തിക്കാട്ടി, വെള്ളമാണെന്ന് വിശദീകരിക്കേണ്ടിവന്നു. വാങ്‌ചുക്കിന്റെ പിന്തുണ സിജെപിയുടെ പ്രതിഷേധത്തിന് പുതിയൊരു ദിശ നൽകിയിട്ടുണ്ട്. 41 ഡിഗ്രി ചൂടിൽ ജന്തർ മന്തറിൽ നിരാഹാര സമരം മൂന്നാം ദിനവും തുടരുന്ന സോനം വാങ്ചുക്ക് ആരാണെന്ന് നോക്കാം...
‘ത്രീ ഇഡിയറ്റ്സ്’ൽ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുഖ് വാങ്ഡു’ എന്ന എക്‌സ്‌ട്രാ ഓർഡിനറി കഥാപാത്രത്തിന് പ്രചോദനമായത് ഈ സോനം വാങ്‌ചുക്കിന്റെ യഥാർത്ഥ ജീവിതമായിരുന്നു. സംസ്ഥാന പദവിക്കായി ലഡാക്ക് ജനത നടത്തുന്ന പോരാട്ടത്തിന്റെ മുഖമാണ് വാങ്‌ചുക്ക്. എഞ്ചിനീയർ, വിദ്യാഭ്യാസ പരിഷ്‌കർത്താവ്, കാലാവസ്ഥാ വിദഗ്ധൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലും വാങ്‌ചുക്ക് പ്രശസ്തനാണ്. പ്രതിഷേധങ്ങൾക്കുള്ള വാങ്‌ചുക്കിന്റെ പ്രധാന ആയുധം നിരാഹാര സമരമാണ്. പരിസ്ഥിതി ദുർബലമായ ലഡാക്കിന് പ്രത്യേക പരിഗണനയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് 2024-ൽ വാങ്‌ചുക്ക് 21 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ഇതേ ആവശ്യവുമായി 2025-ൽ ലഡാക്കിൽ ഒരു ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലും വാങ്‌ചുക്ക് ഉണ്ടായിരുന്നു.
അന്ന് വാങ്‌ചുക്കിനെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി തടവിലാക്കിയ അദ്ദേഹത്തെ ആറുമാസങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് മോചിപ്പിച്ചത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ സമരവേദിയിലെത്തി കഴിഞ്ഞു. ഭരണകൂടത്തിന്റെ നിസ്സംഗത കാരണമാണ് ഇവിടെ വന്നിരിക്കേണ്ടി വന്നതെന്ന് സിജെപി നേതാക്കളെക്കൊപ്പം ഇരുന്ന് വാങ്‌ചുക്ക് പറയുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും, ലഡാക്കിലെ പരിസ്ഥിതി സംരക്ഷണവും ജനാധിപത്യ പുനഃസ്ഥാപനവുമാണ് വാങ്‌ചുക്കിന്റെ പ്രധാന ആവശ്യങ്ങൾ. ആറ് ഇടത് വിദ്യാർഥി നേതാക്കളും വാങ്‌ചുക്കിനൊപ്പം നിരാഹാര സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്.
1996-ൽ ലഡാക്കിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ വിജയശതമാനം 5% മാത്രം ആയിരുന്നു. എന്നാൽ 2015-ൽ ആ വിജയശതമാനം 75 ആയി ഉയർന്നു. ലഡാക്കിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചതിന് പിന്നിൽ സോനം വാങ്‌ചുക്ക് ആയിരുന്നു. 1966-ൽ ലഡാക്കിലെ ലേയ്ക്ക് അടുത്തുള്ള ഉല്യാക്ടോപോ ഗ്രാമത്തിലാണ് വാങ്‌ചുക്ക് ജനിച്ചത്. എന്നാൽ ആ ഗ്രാമത്തിലെങ്ങും സ്‌കൂൾ ഇല്ലാതിരുന്നതിനാൽ വാങ്‌ചുക്ക് 9 വയസ്സ് വരെ സ്‌കൂളിൽ പോയിരുന്നില്ല. 1975-ൽ സോനത്തിന്റെ കുടുംബം ശ്രീനഗറിലേക്ക് താമസം മാറ്റി. വാങ്‌ചുക്കിന്റെ അച്ഛൻ ജമ്മു-കശ്മീർ സർക്കാരിൽ മന്ത്രിയായതിനെ തുടർന്നായിരുന്നു ഇത്. വാങ്‌ചുക്ക് അവിടെ സ്‌കൂളിൽ ചേർന്നെങ്കിലും ലഡാക്കി ഭാഷ മാത്രം അറിയാവുന്നതിനാൽ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലുള്ള ക്ലാസുകൾ മനസ്സിലായില്ല.
ഇതോടെ പഠിക്കാൻ കൊള്ളാത്തവനായി അധ്യാപകർ വിധിയെഴുതി. അധ്യാപകർ അവനെ പതിവായി ക്ലാസിന് പുറത്തുനിർത്തി. അപമാനിതനായ വാങ്‌ചുക്ക് 12-ാം വയസിൽ ഒറ്റയ്ക്ക് ഡൽഹിക്ക് ട്രെയിൻ കയറി. അവിടെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടി. പഠിത്തം ആരംഭിച്ചു. പിന്നീട് ശ്രീനഗർ എൻഐടിയിൽ എൻജിനീയറിങ് പാസായ സോനം, തന്റെ ഗ്രാമത്തെയും അവിടുത്തെ കുട്ടികളെയും മറന്നില്ല. ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുക ആയിരുന്നു പിന്നീട് വാങ്‌ചുക്കിന്റെ ലക്ഷ്യം. നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കി. ലഡാക്കിൽ ഉറുദുവിന് പകരം ഇംഗ്ലീഷിനും ലഡാക്കി ഭാഷയ്ക്കും പ്രാധാന്യം നൽകി. ഈ ശ്രമത്തിലൂടെ 2015-ൽ ലഡാക്കിലെ പത്താം ക്ലാസിലെ വിജയശതമാനം 75 ആയി.
പിന്നീട് വാങ്‌ചുക്ക് തന്റെ പ്രവർത്തനം പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും വ്യാപിപ്പിച്ചു. ക്യാംപസുകളെ പ്രകൃതി സൗഹൃദമാക്കി. ലഡാക്കിലെ കർഷകർ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ നടപടികൾ എടുത്തു. 2018-ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ മാഗ്‌സസെ പുരസ്കാരം വാങ്‌ചുക്കിനെ തേടിയെത്തി. എന്നാൽ 2019-ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു-കശ്മീർ വിഭജിക്കുകയും ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലഡാക്കിൽ ഒരു നിയമസഭ ഇല്ലാതിരുന്നതിനാൽ പ്രദേശം നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലായി.
അന്ന് മുതൽ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിൽ വാങ്‌ചുക്ക് ഉറച്ചുനിൽക്കുന്നു. പരിസ്ഥിതി ദുർബലമായ ലഡാക്കിന് പ്രത്യേക പരിഗണനയും സ്വയംഭരണാവകാശവും വാങ്‌ചുക്ക് ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി സോനം വാങ്‌ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻജിഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ല എന്ന സന്ദേശമാണ് കേന്ദ്ര സർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് ഇപ്പോൾ നടത്തുന്ന ഈ നിരാഹാര സമരത്തിലൂടെ ആ 59-കാരൻ നൽകുന്നത്.