ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ് വെള്ളവും ശുചിത്വ സൗകര്യങ്ങളും വിച്ഛേദിച്ചെന്ന ആരോപണവുമായി കോക്രോച്ച് ജനത പാര്‍ട്ടി. മത്സര പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്‍റെ ഈ നടപടി. സമരം നടത്തുന്ന സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൊലീസ് മുടക്കുകയാണെന്നും അധികൃതരോട് പരാതിപ്പെട്ടിട്ടും പൊലീസ് ഇത് തുടരുകയാണെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ എക്സില്‍ കുറിച്ചു.
വാങ്ചുക്കിന്‍റെ പ്രായമോ ആരോഗ്യമോ പോലും കണക്കാക്കാതെയാണ് പൊലീസിന്‍റെ ഈ നടപടിയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതുപോലെ നിര്‍ത്തലാക്കുമോ എന്ന ആശങ്കയുണ്ടെന്നും ദീപ്കെ പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലെ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (ഞായര്‍) മുതലാണ് ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ജൂണ്‍ 20 മുതല്‍ ഇവിടെ സി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. നീറ്റ് പേപ്പർ ചോർച്ചയും പുനപരീക്ഷയും കാരണം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ ഇതുവരെ സ്വയം ജീവനെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാങ്ചുക്ക് നിരാഹാരം ആരംഭിച്ചപ്പോൾ യുവാക്കളും വിദ്യാർഥികളുമടങ്ങിയ നൂറുകണക്കിന് പ്രതിഷേധക്കാർ ജന്തർ മന്തറിൽ ഒത്തുകൂടി. നിരവധി കർഷക നേതാക്കളും പ്രതിഷേധ സ്ഥലത്ത് സന്നിഹിതരായിരുന്നു. രണ്ട് മിനിറ്റ് മൗനമാചരിച്ചതിന് ശേഷമാണ് വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത്. സമരം തുടങ്ങുന്നതിന് മുമ്പ് വാങ്ചുക്കും അഭിജീത് ദിപ്കെയും രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം നിരാഹാര സമരത്തിൽ പങ്കെടുക്കില്ലെന്ന് ദിപ്കെ അറിയിച്ചു. അതേസമയം വാങ്ചുക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (എഐഎസ്എ) അംഗങ്ങൾ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.