oomenchandy-poster

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ പോസ്റ്റാണ് കല്ലറയുടെ മുകളില്‍ പതിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് ജോസ് കെ.മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തണമെന്നാണ് പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ പ്രതികരണം. അതേസമയം, കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ചത് മനോവൈകല്യമുള്ളയാളെന്ന് കേരള കോണ്‍ഗ്രസ് (എം) വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിഷയം ഏറ്റെടുക്കുകയായിരുന്നു. ഡിസിസി അധ്യഷന്‍ നാട്ടകം സുരേഷ് അടക്കം ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പുതുപ്പള്ളിയിലുള്ള മാനസിക വൈകല്യമുള്ളയാളാണ് സംഭവത്തിന് പിന്നിലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. പോസ്റ്റര്‍ വച്ചയുടന്‍ പള്ളിയിലുള്ളവര്‍ എടുത്തുമാറ്റിയിരുന്നു എന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പൊലീസിന് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ജോസ് കെ. മാണി നയിക്കുന്ന എല്‍ഡിഎഫ് ജാഥ കോട്ടയത്ത് പ്രചാരണം നടത്തിയത്.