മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടുന്നു. നിലവിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പ്രശ്നപരിഹാരത്തിനായി ശ്രമിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു.
മുരളി കുന്നുംപുറവുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹവുമായും ആരോപണവിധേയരായ വ്യക്തികളുമായും അസോസിയേഷൻ ചർച്ചകൾ നടത്തും. നിർമ്മാതാവ് എന്ന നിലയിൽ അസോസിയേഷന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും രാകേഷ് വ്യക്തമാക്കി.
വ്യവസായി എന്ന നിലയിൽ നിന്ന് സിനിമാ നിർമ്മാണത്തിലേക്ക് എത്തിയ മുരളി കുന്നുംപുറം. സിനിമാ നിർമ്മാണത്തെത്തുടർന്നുണ്ടായ ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചും താൻ നേരിട്ട ചതിയെക്കുറിച്ചും നിർമ്മാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ ചർച്ചയായി. തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്നും ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
‘വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുരളി കുന്നുംപുറത്ത്, തന്റെ പുതിയ ചിത്രമായ ‘സുമതി വളവ്’ ഉൾപ്പെടെയുള്ള സിനിമകളുടെ പരാജയം ഏഴുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വെളിപ്പെടുത്തി. സിനിമയിൽ നിന്ന് തന്നെയാണ് തനിക്ക് ഭീമമായ നഷ്ടം സംഭവിച്ചത്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചിരുന്നു.
തന്നെ ചതിച്ചവർക്കെതിരെ പരാതി നൽകും. എന്നാൽ തളരില്ലെന്നും കടങ്ങൾ വീട്ടി സിനിമാ നിർമ്മാണവുമായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധ ഘട്ടത്തിൽ നടന്മാരായ ജയസൂര്യയും ഉണ്ണി മുകുന്ദനും വിളിച്ചിരുന്നു. ‘വെള്ളം’ സിനിമ പൂർണ്ണമായും തന്റെ ജീവിതമല്ലെന്നും അതിന്റെ അവസാന ഭാഗങ്ങൾ സിനിമയ്ക്കായി മാറ്റം വരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.