പിണറായി വിജയൻ സർക്കാരിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങളിൽ പ്രഥമസ്ഥാനത്താണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ ഭരണകാലയളവിൽ നിർമാണം ആരംഭിക്കുകയും രണ്ടാം ഘട്ടത്തിൽ കമ്മീഷനിങ് പൂർത്തിയാക്കുകയും ചെയ്ത തുറമുഖം ഇപ്പോൾ രണ്ടാംഘട്ട വികസനത്തിന്റെ പാതയിലാണ്. ഇതുവരെ 750-ഓളം കപ്പലുകൾ വിഴിഞ്ഞത്തെത്തിക്കഴിഞ്ഞു. വ്യാവസായിക നേട്ടങ്ങൾക്കൊപ്പം തൊഴിൽ മേഖലയിലും വലിയ കുതിച്ചുചാട്ടമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബ് എന്ന ലക്ഷ്യവുമായാണ് വിഴിഞ്ഞം കുതിക്കുന്നത്. തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് കഴിഞ്ഞ മാസം 24-ന് മുഖ്യമന്ത്രി തറക്കല്ലിട്ടു. മാരിടൈം മേഖലയിലെ വികസനം, വ്യാപാര പുരോഗതി, വിശാലമായ തൊഴിൽ സാധ്യതകൾ എന്നിവ വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. വൈദഗ്ധ്യമുള്ളവർക്കൊപ്പം പ്രാദേശികവാസികൾക്കും വിഴിഞ്ഞം അനന്തമായ അവസരങ്ങൾ തുറന്നുനൽകുന്നു. ഇതിനുദാഹരണമാണ് കണ്ടെയ്നർ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന വിഴിഞ്ഞം സ്വദേശിനികളായ പെൺകുട്ടികൾ. വീടിനടുത്ത് തന്നെ ജോലി ലഭിച്ചതിന്റെ അഭിമാനത്തിലാണ് ക്രെയിൻ ഓപ്പറേറ്ററായ രജിത ഉൾപ്പെടെയുള്ളവർ.

കപ്പലുകളെ തീരത്തോട് അടുപ്പിച്ച് വടങ്ങളുപയോഗിച്ച് കെട്ടിയിടുന്ന 'മൂറിങ്' (Mooring) ജോലികളും വിഴിഞ്ഞത്തെ യുവാക്കളുടെ നിയന്ത്രണത്തിലാണ്. നിലവിൽ 18 പ്രാദേശിക യുവാക്കളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ലോകത്തെ മികച്ച തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമ്പോൾ, രണ്ടാം ഘട്ടത്തിൽ 9,700 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

2024 ജൂലൈ 11-ന് ആദ്യ മദർഷിപ്പായ 'സാൻ ഫെർണാണ്ടോ' നങ്കൂരമിട്ടതോടെയാണ് വിഴിഞ്ഞത്തിന്റെ വാണിജ്യ ചരിത്രം ആരംഭിച്ചത്. 750 കപ്പലുകളാണ് ഇതുവരെ വഴിഞ്ഞത്തെത്തിയത്. 16 ലക്ഷം കണ്ടെയ്നറുകള്‍  ഇവിടെ കൈകാര്യം ചെയ്തതു.  വിഴിഞ്ഞം യാഥാർത്ഥ്യമായത് വ്യാപാര മേഖലയ്ക്ക് വലിയ കരുത്തായെന്ന് ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.

തുറമുഖത്തുനിന്നും കണ്ടെയ്നറുകൾ റോഡ് മാർഗം കൊണ്ടുപോകുന്നതിനുള്ള പാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട വികസനം 2028-ഓടെ പൂർത്തിയാകുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. ക്രൂയിസ് ടെർമിനൽ കൂടി സജ്ജമാകുന്നതോടെ വൻകിട യാത്രാക്കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും. ഇത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ ഊർജ്ജമാകും.

ENGLISH SUMMARY:

Vizhinjam International Seaport is a cornerstone of the Pinarayi Vijayan government's ten-year development achievements, marking a significant stride in Kerala's maritime and economic landscape. The port, currently undergoing its second phase of expansion, aims to become India's largest transshipment hub and is already attracting numerous vessels, fostering industrial growth and substantial employment opportunities.